Top

‘ഈ കാനത്തിനിതെന്തുപറ്റി’; പുകവലി വിരുദ്ധ പരസ്യവാചകങ്ങള്‍ സിപിഐയ്‌ക്കെതിരെ ട്രോളാക്കി ഷിബു ബേബി ജോണ്‍

‘എന്താ ആത്മാഭിമാനമുള്ള സഖാക്കള്‍ ഒന്നും പറയാത്തത്.’

30 Oct 2020 10:41 AM GMT

‘ഈ കാനത്തിനിതെന്തുപറ്റി’; പുകവലി വിരുദ്ധ പരസ്യവാചകങ്ങള്‍ സിപിഐയ്‌ക്കെതിരെ ട്രോളാക്കി ഷിബു ബേബി ജോണ്‍
X

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം നിര്‍ത്തി കാനം പൂര്‍ണമായും വഴങ്ങി അടിമകയാകുകയാണെന്നാണ് ഷിബുവിന്റെ വിമര്‍ശനം. ട്രോളുകളിലൂടെ പ്രശസ്തമായ കേന്ദ്ര സര്‍ക്കാരിന്റെ പുകവലി വിരുദ്ധ പരസ്യം ‘ഈ നാടിനിതെന്തുപറ്റി’യുടെ വരികള്‍ മാറ്റിയാണ് ആര്‍എസ്പി നേതാവിന്റെ ട്രോള്‍ കുറിപ്പ്. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിലെ നിലപാട് മാറ്റം, ശിവശങ്കര്‍, ബിനീഷ് കോടിയേരി അറസ്റ്റുകളില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്ത് വന്നത് തുടങ്ങി കാനത്തിന്റെ സമീപകാല നയങ്ങളെയാണ് ഷിബു കളിയാക്കുന്നത്. ‘അക്കരെ, അക്കരെ, അക്കരെ’യിലെ രംഗം കടമെടുത്ത് ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

“ഈ കാനത്തിനിതെന്തു പറ്റി.
ജോസിന് വഴങ്ങല്‍,
ശിവശങ്കറിന് വളയല്‍,
ബിനീഷിന് ന്യായീകരണം.
എന്താ ആത്മാഭിമാനമുള്ള സഖാക്കള്‍ ഒന്നും പറയാത്തത്.
മിണ്ടാതെ സഹിക്കുന്നതെന്തിനാ സിപിഐക്കാര്‍.
സഹിക്കാവുന്നതിനുമപ്പുറമാണീ അടിമത്വം.
കാനം പിണറായിയുടെ അടിമയാകരുത്,
അടിമയാകാന്‍ അനുവദിയ്ക്കരുത്.”

ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസില്‍ അല്ലെന്നും ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്നും കാനം ഇന്ന് പറഞ്ഞിരുന്നു. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല. സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റും സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കാനം പറയുകയുണ്ടായി.

Next Story