‘കോണ്‍ഗ്രസ് പടുകുഴിയിലേക്ക് നിലം പതിച്ചു’; ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോണ്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയത്തിന് പിന്നാലെയുണ്ടായ ഗ്രൂപ്പ് യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് പരാജയപ്പെട്ട് പടുകുഴിയിലേക്ക് നിലം പതിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബു ബേബി ജോണിന്റെ പ്രതികരണം- […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കടുത്ത പരാജയത്തിന് പിന്നാലെയുണ്ടായ ഗ്രൂപ്പ് യോഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് പരാജയപ്പെട്ട് പടുകുഴിയിലേക്ക് നിലം പതിച്ചിരിക്കുന്ന സാഹചര്യത്തില്‍ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഷിബു ബേബി ജോണിന്റെ പ്രതികരണം-
കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്മുമ്പില് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?
മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.
നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
നേരത്തെ മാത്യൂകുഴല്‍നാടന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതം നടത്തിയിരുന്നു.
മാത്യു കുഴല്‍നാടന്റെ വാക്കുകള്‍: ”തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറും. അതിലേക്ക് നമ്മള് പാര്‍ട്ടിയെ തള്ളി വിടരുത്. കരുത്തരനായ നിരവധി യുവനേതാക്കള്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. ഈ സമയത്തും നമ്മള് മൗനം പാലിച്ചാല്‍, എല്ലാവരും സൗകര്യപ്രദമായി മിണ്ടാതിരുന്നാല്‍ ചരിത്രം നമുക്ക് മാപ്പ് നല്‍കില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് കോണ്‍ഗ്രസിനെ വീണ്ടെടുക്കണം. ഞാന്‍ നിങ്ങളോട് ഒരു കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എന്റെ പാര്‍ട്ടിയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. ഞാനിത് ആത്മാര്‍ഥമായി ഏറ്റ് പറയുന്നു. ഒരുപാട് സ്ഥാനമാനങ്ങള്‍ ഒരുപാട് പേര്‍ക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് നമ്മള്‍ക്ക് ഇപ്പോള്‍ കൊടുക്കേണ്ടി വന്നത്.”