
സ്പ്രിങ്ക്ളര്‍ ഇടപാടിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ഡേറ്റ ചോരണത്തില്‍ ഒരുവിഷമവും ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച എഴുത്തുകാരന്‍ ബെന്യാമിനെതിരെ ഷിബു ബേബി ജോണ്‍. ബെന്യാമിന് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ജോലി നോവലെഴുത്ത് തന്നെയാണെന്ന് ആര്‍എസ്പി നേതാവ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളും പിആര്‍ ഏജന്‍സികളും നടത്തുന്ന കൂലിയെഴുത്തിന് താങ്കള്‍ തയ്യാറാകേണ്ടി വന്ന സാഹചര്യമുണ്ടായതില്‍ ദുഖം പങ്കുവെക്കുന്നു. സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ ഡാറ്റ കച്ചവടത്തിനുള്ള ഒരു മാധ്യമം എന്നതിനെക്കാളുപരി മറ്റൊരു തരത്തിലും പ്രയോജനപ്പെട്ടിട്ടില്ല എന്നും ഒന്നര ലക്ഷത്തോളം പേരുടെ ഡാറ്റ ചോര്‍ന്നെന്നും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാര്‍ നിയമിച്ച സമിതി തന്നെയാണ്. എന്നിട്ടും താങ്കള്‍ അതിനെ ന്യായീകരിക്കുന്നത് അപക്വമായ നിലപാടാണെന്ന് ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും ചെയ്യുന്നവരുടെ കൂട്ടത്തില്‍, മലയാളി ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല നോവലുകള്‍ സമ്മാനിച്ച പ്രശസ്തനായ എഴുത്തുകാരന്‍ ബെന്യാമിന്‍ കൂടി ഓരം പറ്റാന്‍ പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഷിബു ബേബി ജോണ്‍
നമ്മള്‍ അറിഞ്ഞ് കൊണ്ടൊരാള്‍ക്ക് ഒരു നേരത്തെ അന്നം വാങ്ങി നല്‍കുന്നതും, നമ്മുടെ അന്നം മറ്റൊരാള്‍ വന്ന് മോഷ്ടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നതിനെ ഒരേ ക്രിയയാണെന്ന് പറയാനും മാത്രം വിഡ്ഢിയല്ല ശ്രീ ബെന്യാമിന്‍ എന്നാണ് വിശ്വാസം. രാഷ്ട്രീയമുണ്ടാകുന്നത് നല്ലതാണ്, പക്ഷേ സമൂഹത്തില്‍ സ്വാധീനവും ഒരുപാട് പേര്‍ ആരാധിക്കുകയും ചെയ്യുന്ന താങ്കളെ പൊലൊരാള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ തെറ്റിനെ ന്യായീകരിക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുമ്പോള്‍ ദുഷിക്കുന്നത് ഈ സമൂഹവും ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളെ പോലുള്ള അനേകം എഴുത്തുകാരുടെ വിശ്വാസ്യതയും തന്നെയാണെന്ന് ഓര്‍ക്കണമെന്നും ആര്‍എസ്പി നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ സ്പ്രിങ്ക്ളര്‍ ഡാറ്റ ചോരണ വിവാദവുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറില്‍ അവതാരകന്‍ വിനു വി ജോണും കോണ്‍ഗ്രസ് നേതാവും തന്റെ പേര് പരാമര്‍ശിച്ചതില്‍ മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ഷിബു ബേബി ജോണിന്റെ പ്രതികരണം
പ്രിയപ്പെട്ട ബെന്യാമിന്‍
ഞാന്‍ വളരെയധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരെഴുത്തുകാരനായിരുന്നു താങ്കള്‍. എന്നാല്‍ സ്പ്രിങ്ക്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ പ്രസ്താവനകള്‍ കേട്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. താങ്കളെ പോലൊരാള്‍ക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ജോലി നോവലെഴുത്ത് തന്നെയാണ് എന്ന് ആദ്യം തന്നെ ഓര്‍മ്മിപ്പിക്കട്ടെ. രാഷ്ട്രീയ പാര്‍ട്ടികളുടെ അണികളും പിആര്‍ ഏജന്‍സികളും നടത്തുന്ന കൂലിയെഴുത്തിന് താങ്കള്‍ തയ്യാറാവേണ്ടി വന്ന സാഹചര്യമുണ്ടായതില്‍ ദുഖം പങ്കുവെക്കുന്നു. സ്പ്രിങ്ക്ളര്‍ വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ തന്റെ ഡാറ്റ ഉപയോഗിച്ചെങ്കില്‍ അതില്‍ വിരോധമില്ലെന്ന് താങ്കള്‍ പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാം. എന്നാല്‍ സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ ഡാറ്റ കച്ചവടത്തിനുള്ള ഒരു മാധ്യമം എന്നതിനെക്കാളുപരി മറ്റൊരു തരത്തിലും പ്രയോജനപ്പെട്ടിട്ടില്ല എന്നും ഒന്നര ലക്ഷത്തോളം പേരുടെ ഡാറ്റ ചോര്‍ന്നെന്നും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാര്‍ നിയമിച്ച സമിതി തന്നെയാണ്. എന്നിട്ടും താങ്കള്‍ അതിനെ ന്യായീകരിക്കുന്നത് അപക്വമായ നിലപാടാണ്. സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും ചെയ്യുന്നവരുടെ കൂട്ടത്തില്‍, മലയാളി ഒരിക്കലും മറക്കാത്ത ഒരുപിടി നല്ല നോവലുകള്‍ സമ്മാനിച്ച പ്രശസ്തനായ എഴുത്തുകാരന്‍ ബെന്യാമിന്‍ കൂടി ഓരം പറ്റാന്‍ പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ജീവന്‍ രക്ഷാ മാര്‍ഗമെന്ന നിലയിലാണ് സ്പ്രിങ്ക്ളറിനെ സര്‍ക്കാര്‍ ആദ്യ ഘട്ടം മുതലേ അവതരിപ്പിച്ചത്. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്പ്രിങ്ക്ളര്‍ കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു നേട്ടവുമില്ല മറിച്ച് കോട്ടം മാത്രമാണുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്. പിന്നെ സമൂഹ മാധ്യമങ്ങളിലൂടെ നിങ്ങളുടെ അടി വസ്ത്രത്തിന്റെ അളവ് വരെ കണ്ടെത്താം എന്ന് താങ്കള്‍ ഓര്‍മ്മപ്പെടുത്തിയിരുന്നല്ലോ? നമ്മള്‍ തന്നെ അറിഞ്ഞു കൊണ്ട് സ്വമേധയാ വിവരങ്ങള്‍ നല്‍കി, അവരുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിച്ചുകൊണ്ട് ആരംഭിക്കുന്ന സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ നമ്മളെ പറ്റിയുള്ള അറിവുകള്‍ ശേഖരിക്കുന്നതും, നമ്മുടെ യാതൊരു അറിവോ സമ്മതമോ കൂടാതെ ആരൊക്കെയോ നമ്മുടെ അടിവസ്ത്രത്തിന്റെ അളവ് വരെ എടുത്തിട്ട് പോകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കൂടി താങ്കള്‍ ഓര്‍ക്കുക. നമ്മള്‍ അറിഞ്ഞ് കൊണ്ടൊരാള്‍ക്ക് ഒരു നേരത്തെ അന്നം വാങ്ങി നല്‍കുന്നതും, നമ്മുടെ അന്നം മറ്റൊരാള്‍ വന്ന് മോഷ്ടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നതിനെ ഒരേ ക്രിയയാണെന്ന് പറയാനും മാത്രം വിഡ്ഢിയല്ല ശ്രീ ബെന്യാമിന്‍ എന്നാണ് വിശ്വാസം. രാഷ്ട്രീയമുണ്ടാകുന്നത് നല്ലതാണ്, പക്ഷേ സമൂഹത്തില്‍ സ്വാധീനവും ഒരുപാട് പേര്‍ ആരാധിക്കുകയും ചെയ്യുന്ന താങ്കളെ പൊലൊരാള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ തെറ്റിനെ ന്യായീകരിക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുമ്പോള്‍ ദുഷിക്കുന്നത് ഈ സമൂഹവും ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളെ പോലുള്ള അനേകം എഴുത്തുകാരുടെ വിശ്വാസ്യതയും തന്നെയാണെന്ന് ഓര്‍ക്കുക. താങ്കളുടെ പുസ്തകങ്ങളുടെ ഒരു വായനക്കാരന്‍ എന്ന നിലയില്‍, താങ്കളുടെ കഥാപാത്രങ്ങള്‍ക്കുള്ള തന്റേടവും ധാര്‍മികബോധവും താങ്കള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. അവരെയെങ്കിലും സ്വന്തം ജീവിതത്തില്‍ പകര്‍ത്തി ഒരു സ്വാതന്ത്ര്യബോധമുള്ള എഴുത്തുകാരനാകാന്‍ ശ്രമിക്കുമല്ലോ.
സ്‌നേഹത്തോടെ,
ഷിബു ബേബി ജോണ്‍.