Top

‘നമ്മുടെ 40 പട്ടാളക്കാരുടെ മരണം നമ്മള്‍ വിജയിച്ചു എന്ന് പറഞ്ഞാഘോഷിക്കുന്നത് അപലപനീയം’; പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്ന് ശശി തരൂര്‍

‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത് അപലപനീയം.

18 Jan 2021 12:35 AM GMT

‘നമ്മുടെ 40 പട്ടാളക്കാരുടെ മരണം നമ്മള്‍ വിജയിച്ചു എന്ന് പറഞ്ഞാഘോഷിക്കുന്നത് അപലപനീയം’; പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്ന് ശശി തരൂര്‍
X

റിപബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളോട് പ്രതികരണവുമായി ശശി തരൂര്‍ എംപി. ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്‌സാപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുരൂരിന്റെ പ്രതികരണം.

‘ഒന്ന്, രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നതാണ്. രണ്ട്, ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്. മൂന്ന് ടിആര്‍പിയുടെ വഞ്ചനാപരമായ കൃത്രിമത്വം’, തരൂര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു.

ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരുമെന്നും തരൂര്‍ ആരോപിച്ചു. ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നും അദ്ദേഹം ആരാഞ്ഞു.

അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയുമായി അര്‍ണബ് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ടിആര്‍പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളില്‍ വ്യക്തമാണ്. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അവതാരകന്‍ രജത ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ ‘കച്ചറ’ എന്നാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അതേസമയം, ചാറ്റില്‍ ആവര്‍ത്തിച്ച് പറയുന്ന എഎസ് എന്നത് അമിത് ഷാ ആണോന്ന സംശയവും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

Next Story