
ന്യൂ ഡൽഹി: കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ വൈകാരിക പ്രസംഗത്തെ പരിഹസിച്ച് ശശി തരൂർ. മോഡിയുടെ വിടവാങ്ങൽ പ്രസംഗത്തെ ‘വൈദഗ്ധ്യമാർന്ന പ്രകടന’മെന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദുമായുള്ള അടുത്ത ബന്ധം അനുസ്മരിച്ചു കൊണ്ടാണ് മോഡി പലതവണ തൊണ്ടയിടറിയും കണ്ണീരണിഞ്ഞും സഭയിൽ സംസാരിച്ചത്.
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ആത്മകഥയായ ‘ബൈ മെനി എ ഹാപ്പി ആക്സിഡന്റ് ‘ എന്ന കൃതിയെ പറ്റിയുള്ള ചർച്ചയിലാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഇത്തരമൊരു പരാമർശം നടത്തിയത്. ‘ഒരുപക്ഷേ കർഷക നേതാവായ രാകേഷ് ടിക്കായതിന്റെ കണ്ണുനീരിന് പകരമായി തനിക്കും കണ്ണുനീരുണ്ടെന്ന് മോഡി പ്രതികരിച്ചതാകാം ഇതെന്നും’ തരൂർ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിൻറെയും ഗുജറാത്തിന്റെയും മുഖ്യമന്ത്രിമാർ എന്ന നിലയിൽ ഇരുവരും പരസ്പരബന്ധം പുലർത്തിയിരുന്നുവെന്ന് യാത്രയയപ്പ് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ ഗുജറാത്തി തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് തന്നെ ആദ്യം വിളിച്ചു വിവരങ്ങൾ പങ്കുവെച്ചത് ഗുലാം നബി ആസാദാണെന്നും, വിശദാംശങ്ങൾ പങ്കുവെക്കുമ്പോൾ ഗുലാം നബി കരയുകയായിരുന്നുവെന്നും മോഡി ഓർമ്മിച്ചു.