Top

വിചാരധാരയും ഖുത്ബാത്തും ഒന്നെങ്കിലും ആര്‍എസ്എസും ജമാഅത്തും ഇക്കാലത്ത് രണ്ടാണ്

6 Dec 2020 1:21 AM GMT
ഷാജഹാൻ മാടമ്പാട്ട്

വിചാരധാരയും ഖുത്ബാത്തും ഒന്നെങ്കിലും ആര്‍എസ്എസും ജമാഅത്തും ഇക്കാലത്ത് രണ്ടാണ്
X

സാമൂഹിക നിരീക്ഷകനായ ഷാജഹാന്‍ മാടമ്പാട്ട് റിപ്പോര്‍ട്ടര്‍ ടിവിയുടെ മിഡില്‍ഈസ്റ്റ് റിപ്പോര്‍ട്ടറില്‍ 'തീവ്രരാഷ്ട്രീയത്തിന്റെ സ്വീകാര്യത കൂടുന്നോ?' എന്ന വിഷയത്തില്‍ പ്രതികരിക്കുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സഖ്യത്തെ കുറിച്ച് ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യോജിപ്പില്ല. കാരണം, രാഷ്ട്രീയമായി ഇത്തരം ചര്‍ച്ചകളെല്ലാം തന്നെ അര്‍ത്ഥശൂന്യമാണ്. എന്തെന്നാല്‍ 1933-36ന് ഇടക്കുള്ള ജര്‍മ്മനിയുടെ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും നിസ്സാരമായ, വളരെ ചുരുക്കമാളുകളുടെ മാത്രം പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയോ, അല്ലെങ്കില്‍ അത്തരത്തിലുള്ള വിഷയങ്ങളോ ചര്‍ച്ചകളുടെ നടുത്തളത്തിലേക്ക് വരുന്നതില്‍ വലിയ പ്രസക്തിയുണ്ടെന്ന് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ എനിക്ക് തോന്നുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും അതിരൂക്ഷമായി വിമര്‍ശിക്കുകയും അവര്‍ക്കെതിരെ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള, പ്രത്യയശാസ്ത്രപരമായി ഗോള്‍വാള്‍ക്കറെയും മൗദൂദിയെയും താരതമ്യപ്പെടുത്തി എഴുതുകയും പറയുകയും ചെയ്തിട്ടുള്ള ഒരാളാണ് താന്‍. എന്നാല്‍ അത്തരം താരതമ്യങ്ങള്‍ക്കൊ ചര്‍ച്ചകള്‍ക്കോ ഇന്ന് വലിയ പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നില്ല.

ഇന്ത്യയില്‍ സംഘപരിവാറിനെതിരെയുള്ള രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നതാരാണ് ?

കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ 99 ശതമാനവും ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് അധികാരം പങ്കിട്ടവരാണ്. അവരാണോ രാഷ്ട്രീയ ചാരിത്ര്യത്തില്‍ പാസ്സായി വരുന്നത്? കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപി മൊത്തമായി വില്‍ക്കുന്ന സംഗതികളെ പതിറ്റാണ്ടുകളോളം പല കാലങ്ങളിലായി വിറ്റ പാര്‍ട്ടിയാണ്. ആശയപരമായും ആദര്‍ശപരമായും അതിന്റെ മൗലിക സിദ്ധാന്തങ്ങളെ പൂര്‍ണ്ണമായും ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ എങ്ങനെയാണ് മലിയാനയും മുറാദാബാദും മുര്‍ഷിദാബാദും നെല്ലിയും ഭഗല്‍പ്പൂരും 1969ലെ ഗുജറാത്തും അഹമ്മദാബാദും മറക്കാന്‍ പറ്റുക. അങ്ങനെ വരുമ്പോള്‍ ആരുടെ ചാരിത്ര്യത്തെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്യുന്നത്. ഇവരെല്ലാവരും ഈ പറയുന്ന ചാരിത്ര്യ പരീക്ഷണത്തിലും പരിശോധനയിലും പരാജയപ്പെട്ടവരാണ്. എന്നിട്ടും ഇത്തരമൊരു സാഹചര്യത്തില്‍ എന്തുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഉവൈസിയുടെ പാര്‍ട്ടി കാര്യങ്ങള്‍ മാത്രം ചര്‍ച്ചയാകുന്നത്. എന്തുകൊണ്ടാണ് ബിജെപിക്കൊപ്പം പല ഘട്ടത്തില്‍ അധികാരം പങ്കിട്ട സെക്കുലര്‍ പാര്‍ട്ടികളുടെ ചാരിത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിപക്ഷം എന്ന് നമ്മള്‍ വിളിക്കുന്ന പാര്‍ട്ടികളിലൊന്നിനും തന്നെ വര്‍ഗീയതയുടെ കാര്യത്തില്‍, മതമൗലിക വാദത്തോട് സന്ധിചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായ ചാരിത്ര്യം അവകാശപ്പെടാന്‍ കഴിയില്ല. അപ്പോള്‍ എന്തിനാണ് നമ്മുടെ ചര്‍ച്ചകളെല്ലാം, ഇന്ത്യയിലെ ജനങ്ങളിലെ വളരെ ചെറിയ വിഭാഗത്തിനെക്കുറിച്ച് മാത്രം എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്.

മുസ്ലിം ഹിന്ദു വിഭാഗങ്ങളുടെ മതരാഷ്ട്രവാദം എന്താണെന്നും അതിനെ ഏറ്റവും അധികം കര്‍ക്കശമായും സന്ധിചെയ്യാതെയും എതിര്‍ക്കണമെന്ന് പതിറ്റാണ്ടുകളോളം എഴുതുകയും പറയുകയും ചെയ്തിട്ടുള്ളയാളാണ് ഞാന്‍. അത്തരം ചര്‍ച്ചകള്‍ ഇന്നത്തെ സാഹചര്യത്തില്‍ അപ്രസക്തമാണെന്നാണ് പറയുന്നത്. കാരണം, ഗോള്‍വാക്കറുടെ 'വിചാരധാര'യും മൗദൂദിയുടെ 'ഖുത്ബാത്തും' തമ്മില്‍ ഉള്ളടക്കത്തില്‍ യാതൊരു വ്യത്യാസവുമില്ല. പക്ഷേ ഇന്ത്യയില്‍ നടന്ന സര്‍വ്വ വര്‍ഗീയ ലഹളകള്‍ക്കും നേതൃത്വം വഹിച്ച ആര്‍എസ്എസും ഒരു വര്‍ഗീയലഹളയില്‍ പോലും ഒരു കമ്മീഷനും നേര്‍ക്കുനേര്‍ ആരോപണമുന്നയിക്കാത്ത ജമാഅത്തെ ഇസ്ലാമിയേയും സമീകരിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇന്നത്തെ ഇന്ത്യയിലേത്.

അസദുദ്ദിന്‍ ഓവൈസിയുടെ തരത്തിലുള്ള വൈകാരിക മതരാഷ്ട്രീയത്തോട് ഒരു താത്പര്യവുമില്ല. പക്ഷേ 2020ല്‍ അത്തരം ചര്‍ച്ചകള്‍ തന്നെ അപ്രസക്തമാണ്.

ഇതിന് രണ്ട് തലമുണ്ട്, ഒന്ന് പ്രത്യേയശാസ്ത്രപരമായും ആദര്‍ശപരമായുമുള്ള ആശയങ്ങളുടെ തലത്തില്‍ എല്ലാനിലക്കുള്ള മതമൗലികവാദത്തെയും മതരാഷ്ട്രീയത്തേയും എതിര്‍ക്കുകയാണ് വേണ്ടത്. അത് ആശയപരമായ നിലപാടാണ്. നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകളുടെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്നെ ഭയപ്പെടുത്തുന്ന സംഗതിയുമതാണ്. ഇന്ത്യ പൂര്‍ണമായും ഒരു ഫാസിസ്റ്റ് പിടിച്ചടക്കലിന്റെ ഘട്ടത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലാകുന്നു.

ഒരു മാസം മുന്‍പ് നടന്ന ബിഹാറ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് എവിടെയും പറയാതെ, മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന അതിജീവനപ്രതിസന്ധിയെക്കുറിച്ച് എവിടെയും പരാമര്‍ശിക്കാതെയുള്ള ഒരു രാഷ്ട്രീയ കാമ്പയിനാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. അതായത്, തങ്ങളുടെ ക്യാംപയിനിന്റെ ഉള്ളടക്കം പോലും ബിജെപിയുടെ ആര്‍എസിന്റെ രാഷ്ട്രീയത്തിന് അനുസൃതമായി സംവിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ മുസ്ലിംങ്ങളില്‍ ഒരു തരത്തിലും യോജിപ്പില്ലാത്ത, താത്പര്യമില്ലാത്ത ജമാഅത്തെ ഇസ്ലാമിയെയും അസദുദ്ദിന്‍ ഒവൈസിയെയും പോലുള്ളവരുടെ രാഷ്ട്രീയത്തെ നടുത്തളത്തില്‍ കൊണ്ടുവന്ന് ചര്‍ച്ചചെയ്യുന്നതിനോടുള്ള മൗലികമായ വിയോജിപ്പാണ് എനിക്ക് പ്രകടിപ്പിക്കാനുള്ളത്. കാരണം ഇന്ത്യയുടെ ഭാവിയില്‍, അത് നിര്‍ണ്ണയിക്കുന്നതില്‍ ഇവര്‍ക്കൊന്നും യൊതൊരു പങ്കുമില്ല.

Next Story