Top

സഭ ഇനിയുമെത്ര കാലം ചുമക്കും ഈ തെറ്റുകള്‍

22 Dec 2020 7:33 AM GMT
ഷൈജു ആൻറണി

സഭ ഇനിയുമെത്ര  കാലം ചുമക്കും ഈ തെറ്റുകള്‍
X

തിരുവസ്ത്രമിട്ടവര്‍ തെറ്റുചെയ്യില്ല എന്ന് വിശ്വസിക്കാന്‍ ഇഷ്ടമുള്ളവര്‍ എല്ലാവരും അങ്ങനെ വിശ്വസിച്ചുകൊള്ളട്ടെ എന്നാല്‍ കത്തോലിക്ക സഭയ്ക്കകത്തെ വൈദികരും ബിഷപ്പുമാരും മറ്റെല്ലാവരും സാധാരണ മനുഷ്യര്‍ തന്നെയാണ്. അവരില്‍ പലരും തെറ്റുചെയ്‌തേക്കാം. അങ്ങനെ ചിലര്‍ തെറ്റുചെയ്‌തെന്ന് വെച്ച് സഭയക്ക് ഒന്നും സംഭവിക്കാനുമില്ല. പക്ഷേ തെറ്റുചെയ്‌തെന്ന് തെളിഞ്ഞാല്‍ അതിനെ തിരുത്താന്‍ തയ്യാറാകാത്തിടത്താണ് കത്തോലിക്ക സഭ വലിയ അപകടത്തില്‍ ചെന്നു ചാടുന്നത്. നീതി ജലം പോലെ ഒഴുകട്ടെ എന്ന ബൈബിള്‍ വാചകത്തെ സ്വീകരിച്ചിരിക്കുന്നവരാണ് കത്തോലിക്കസഭ. നീതിക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാരെന്ന് പറഞ്ഞ ക്രിസ്തുവിന്റെ പിന്‍ഗാമികള്‍.

ഇവിടെ ഏറ്റവും വലിയ പ്രശ്‌നം നീതിയാണ്. ആ നീതിയാണ് ഇന്ന് ജയിച്ചിരിക്കുന്നത്. നീതി ജയിക്കുന്ന ദിവസത്തെ ആഘോഷിക്കുന്നവനാണ് ക്രിസ്ത്യാനി. അപ്പോള്‍ ഈ ദിവസം സന്തോഷിക്കുകയല്ലാതെ ആഹ്ലാദിക്കുകയല്ലാതെ ആഘോഷിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്. നീതി ജയിക്കുന്ന ഈ ദിവസത്തെ ദു:ഖത്തോടെ കാണുന്നവരെ ക്രിസ്ത്യാനിയെന്ന് വിളിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഈ ദിവസം നീതി സൂര്യന്‍ ഉദിക്കുമ്പോള്‍ അതുകാണാന്‍ അഭയയുടെ മാതാവും പിതാവും ജീവനോടെയില്ല. 2016ല്‍ അവര്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. അത്രയ്ക്ക് നീട്ടി വലിച്ച് വലിച്ച് ഒടുവില്‍ 28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ന് നീതി പുലര്‍ന്നിരിക്കുന്നത്.

അങ്ങനെ നീതി പുലര്‍ന്നിരിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു വാചകമുണ്ട്: ഒരു നിരപരാദിപോലും ശിക്ഷിക്കപ്പെടരുത്. അത് വീണ്ടും വീണ്ടും ഒരായിരം വട്ടം തന്റെ മനസില്‍ പറഞ്ഞ്, അത്രമാത്രം കൃത്യതയോടെയായിരിക്കണം, കൃത്യമായ ബോധമുണ്ടായിട്ടായിരിക്കണം ജഡ്ജി ആ വിധി പ്രസ്താവിച്ചത്. അതിന്റെ അര്‍ഥം ഇത്രയും കാലം നീണ്ട ഒരു പോരാട്ടത്തിനൊടുവില്‍ ഇങ്ങനെയൊരു വിധിയുണ്ടായെങ്കില്‍ ആ ജഡ്ജിയുടെ ശുഭാപ്തി വിശ്വാസത്തെ അത് കാണിക്കുന്നുവെന്നാണ്.

ജാതി-മത-വര്‍ണ വ്യത്യാസമില്ലാതെ സകല മനുഷ്യരും നീതിയുടെ ഈ വിജയം ആഘോഷിക്കുക തന്നെ ചെയ്യും. അതിനകത്ത് വര്‍ഗീയത കലര്‍ത്തേണ്ട ആവശ്യം ആര്‍ക്കുമില്ല. അതൊക്കെ വിലപ്പോകുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. വര്‍ഗീയതെന്ന് പറഞ്ഞ് താത്കാലികമായ രക്ഷപ്പെടാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ ആ കാലമൊക്കെ കഴിഞ്ഞുപോയെന്ന് അവര്‍ മനസിലാക്കണം. അതു തിരിച്ചറിയാത്ത കേരളത്തിലെ ഏക മതവിഭാഗമായിരിക്കും സീറോ മലബാര്‍ സഭ.

ഒരുദാഹരണം പറയാം: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് താമരശ്ശേരി അതിരൂപതയിലെ ഒരു വൈദികന്‍ എസ്‌സിസി കോണ്ഗ്രഗേഷനില്‍പ്പെട്ട ഒരു കന്യാസ്ത്രീയുമായി ബന്ധത്തിലായി. അവരുതമ്മിലെ സ്‌നേഹബന്ധത്തില്‍, ശാരീരിക ബന്ധത്തില്‍ ആ കന്യാസ്ത്രി ഗര്‍ഭിണിയാവുകയും അവര്‍ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ കുട്ടിയെ ഒരു അനാഥാലയത്തില്‍ കൊണ്ടുപോയി തള്ളി. വിഷയം കേസായപ്പോള്‍ കുറ്റാരോപിതനായ വൈദികനും മറ്റുള്ളവരും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി 25 ലക്ഷം രൂപ കൊടുത്ത് കന്യാസ്ത്രീയുടെ വിഷയം ഒത്തു തീര്‍പ്പാക്കിയെന്നാണ്. ഇതിലെ വിരോധാഭാസമെന്തെന്നാണെന്നാല്‍ ആ വൈദികന്‍ ഇന്ന് സീറോ മലബാര്‍ സഭയുടെ ഷംഷാബാദ് രൂപതയിലെ ഒരു ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി ശ്രുശ്രൂഷ ചെയ്യുന്നു എന്നതാണ്.

ഇങ്ങനെയുള്ള സകല തെറ്റുകളെയും സഭ എത്രകാലം ചുമക്കും? ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞ നിയമമനുസരിച്ച് തെറ്റുമറച്ചുവെക്കാന്‍ ശ്രമിച്ച താമശ്ശേരി രൂപതയിലെ ബിഷപ്പിനെതിരെയും ഷംഷാബാദ് രൂപതയിലെ ബിഷപ്പിനെതിരെയും സീറോ മലബാര്‍ സഭയുടെ സിനഡ് നടപടിയെടുക്കേണ്ടതാണ്. ഇതെല്ലാം സഹിക്കുകയാണ് വിശ്വാസികള്‍. എന്നിട്ട് വീണ്ടും വര്‍ഗീയതയെന്നും ബിഷപ്പുമാരെന്നും പദവിയെന്നും പറഞ്ഞ് മനുഷ്യനെ പറ്റിക്കാനാണ് ശ്രമം. വീണ്ടും പറയുന്നു അക്കാലം കഴിഞ്ഞുപോയി.

ഇത് സത്യം മാത്രം നയിക്കുന്ന കാലമാണ്. ധര്‍മ്മത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും ഏറ്റവും വലിയ മാനുഷിക മൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുന്ന ക്രിസ്തീയ സഭയില്‍ ആ മൂല്യങ്ങള്‍ പുലരണമെന്ന് ആഗ്രഹിക്കുന്നവരാണ് വിമതരെന്ന് വിളിക്കപ്പെടുന്നത്. അതിനകത്ത് യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാന്‍ അവര്‍ സമ്മതികില്ല. അത് പുലര്‍ന്നേ തീരൂ എന്നുള്ളതുകൊണ്ട് തന്നെ അവസാനഘട്ടം വരെ അവര്‍ അതിനായി പൊരുതും.

Next Story

Popular Stories