Top

ഷഹീന്‍ ബാഗില്‍ നിറയൊഴിച്ചയാള്‍ ബിജെപിയില്‍; മണിക്കൂറുകള്‍ക്കകം അംഗത്വം റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിച്ചവരെ ഭയപ്പെടുത്തി നിറയൊഴിച്ച കപീല്‍ ഗുജാര്‍ ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കി.

30 Dec 2020 11:32 AM GMT

ഷഹീന്‍ ബാഗില്‍ നിറയൊഴിച്ചയാള്‍ ബിജെപിയില്‍; മണിക്കൂറുകള്‍ക്കകം അംഗത്വം റദ്ദാക്കി
X

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിച്ചവരെ ഭയപ്പെടുത്തി നിറയൊഴിച്ച കപീല്‍ ഗുജാര്‍ ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കി. കപീല്‍ ഷഹിന്‍ ബാഗ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു അംഗത്വം നല്‍കിയതില്‍ പാര്‍ട്ടിയുടെ വിശദീകരണം.

അതേസമയം ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നത് കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു പാര്‍ട്ടിയില്‍ അംഗത്വമെടുത്തതിന് ശേഷം കപീലിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഗാസിയബാദ് ശാഖയിലാണ് കപീല്‍ അംഗത്വമെടുത്തിരുന്നതെന്നും ഇയാളാരായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നവര്‍ക്കൊപ്പമായിരുന്നു കപീല്‍ അംഗത്വമെടുത്തത്. ഷഹീന്‍ ബാഗ് സംഭവത്തിലെ ഇയാളുടെ പങ്ക് തിരിച്ചറിഞ്ഞയുടന്‍ പാര്‍ട്ടി കപീലിന്റെ അംഗത്വം റദ്ദാക്കിയെന്നും ഗാസിയബാദ് ബിജെപി അധ്യക്ഷന്‍ സഞ്ജീവ് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കപീല്‍ ഗുജാര്‍ പൗരത്വ ഭേതഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിച്ചവരെ വെല്ലുവിളിച്ചുകൊണ്ട് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പ്രതിഷേധകര്‍ക്ക് നേരെ ജയ് ശ്രീറാം മുഴക്കുകയും ‘ ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ പറയുന്നതെന്താണോ അതേ നടക്കു, മറ്റാരും അതില്‍ ഇടപെടേണ്ടതില്ല’ എന്ന് ആക്രോശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.

Next Story