Top

‘പിരിയാരിയില്‍ എന്ത് സംഭവിച്ചു?’; സിപിഐഎമ്മും ബിജെപിയും പരസ്പരം വോട്ടുമറിച്ചതിന്റെ കണക്കുമായി ഷാഫി പറമ്പില്‍

പാലക്കാട് പിരിയാരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് അട്ടിമറിക്കാന്‍ ബിജെപിയും സിപിഐഎമ്മും ക്രോസ് വോട്ടിങ്ങ് നടത്തിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മൂന്ന് വാര്‍ഡുകളില്‍ പരസ്പരം വോട്ടുമറിച്ചതിന്റെ കണക്കുകളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പുറത്തുവിട്ടു. ഒരു വാര്‍ഡില്‍ ബിജെപിയും രണ്ട് വാര്‍ഡുകളില്‍ സിപിഐഎമ്മും ഇത്തരം നെക്‌സസിന്റെ ഫലമായി ജയിച്ചു. സിപിഐഎം നേതൃത്വം ഇക്കാര്യം പരിശോധിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ പറഞ്ഞത് “സിപിഐഎം പരിശോധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പിരായിരി ഗ്രാമപഞ്ചായത്ത് പാലക്കാട് ടൗണിനോട് ചേര്‍ന്നുകിടക്കുന്ന […]

19 Dec 2020 10:24 AM GMT

‘പിരിയാരിയില്‍ എന്ത് സംഭവിച്ചു?’; സിപിഐഎമ്മും ബിജെപിയും പരസ്പരം വോട്ടുമറിച്ചതിന്റെ കണക്കുമായി ഷാഫി പറമ്പില്‍
X

പാലക്കാട് പിരിയാരി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് അട്ടിമറിക്കാന്‍ ബിജെപിയും സിപിഐഎമ്മും ക്രോസ് വോട്ടിങ്ങ് നടത്തിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മൂന്ന് വാര്‍ഡുകളില്‍ പരസ്പരം വോട്ടുമറിച്ചതിന്റെ കണക്കുകളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പുറത്തുവിട്ടു. ഒരു വാര്‍ഡില്‍ ബിജെപിയും രണ്ട് വാര്‍ഡുകളില്‍ സിപിഐഎമ്മും ഇത്തരം നെക്‌സസിന്റെ ഫലമായി ജയിച്ചു. സിപിഐഎം നേതൃത്വം ഇക്കാര്യം പരിശോധിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

ഷാഫി പറമ്പില്‍ പറഞ്ഞത്

“സിപിഐഎം പരിശോധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പിരായിരി ഗ്രാമപഞ്ചായത്ത് പാലക്കാട് ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഒരു പ്രധാനപ്പെട്ട പഞ്ചായത്താണ്. ആ പിരായിരി ഗ്രാമപഞ്ചായത്തിന്റെ 16-ാം വാര്‍ഡില്‍ സിപിഐഎമ്മിന് കിട്ടിയിരിക്കുന്ന വോട്ടിന്റെ എണ്ണം 88 ആണ്. അതേ വാര്‍ഡില്‍ നിന്ന് സിപിഐഎമ്മിന് ബ്ലോക്ക് പഞ്ചായത്തിലേക്ക് കിട്ടിയിരിക്കുന്ന വോട്ടിന്റെ എണ്ണം 250 ആണ്. ആ വാര്‍ഡില്‍ ജയിച്ചത് ബിജെപിയാണ്. പിരായിരിയിലെ 14-ാം വാര്‍ഡില്‍ രണ്ടാം ബൂത്ത് സിപിഐഎം ലീഡ് ചെയ്യേണ്ട ബൂത്താണ്. അവിടെ സിപിഐഎം മൂന്നാം സ്ഥാനത്ത് പോകുന്നു. ബിജെപി ജയിക്കുന്നു. പിരായിരി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കഴിഞ്ഞ തവണ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗ് മത്സരിക്കുന്ന സീറ്റാണ്. നൂറിലധികം വോട്ടുകള്‍ മുന്‍പ് നേടിയിരുന്ന ബിജെപി ഇത്തവണ അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. ആ വോട്ട് എവിടെപ്പോയി? ഇത്രയും കാലം ബിജെപി ജയിക്കാത്ത ആ വാര്‍ഡില്‍ ഈ നൂറ്റിച്ചില്ലറ വോട്ടിന്റെ വ്യത്യാസത്തില്‍ സിപിഐഎം ജയിക്കുകയാണ്. സിപിഐഎം നേതൃത്വം ഇത് പരിശോധിക്കാന്‍ തയ്യാറാകണം.

ഒരു വശത്ത് ഇത്തരം കൂട്ടുകെട്ട് പ്രാദേശികമായി ഉണ്ടാക്കുന്നത് നേതൃത്വം അറിഞ്ഞിട്ടാണോയെന്ന് വ്യക്തമാക്കണം. പിരിയാരി പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് അട്ടിമറിക്കാന്‍ സിപിഐഎമ്മും ബിജെപിയും പരസ്പരം സഹായിച്ചതിന്റെ തെളിവുകള്‍ നിരവധിയുണ്ട്.

പാലക്കാട് ബിജെപിയേയും ആര്‍എസ്എസിനേയും പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. പാലക്കാട് നഗരസഭയിലെ കാര്യങ്ങള്‍ നോക്കണം. ഭരണം ബിജെപി പിടിച്ചെങ്കിലും അതിനെതിരെ പോരാട്ടം നടത്തുന്നത് ആരാണ്. ജയ് ശ്രീറാം ഫഌക്‌സ് ബാനര്‍ വിഷയത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കിയതും പരാതി കൊടുത്തതും യൂത്ത് കോണ്‍ഗ്രസാണ്. ബാനര്‍ കെട്ടുമ്പോള്‍ അവിടെ പൊലീസ് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അതിനെതിരെയുള്ള ഡിവൈഎഫ്‌ഐ പ്രതികരണം നടക്കുമ്പോഴും പൊലീസ് അവിടെയുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ മുനിസിപ്പാലിറ്റി അകത്ത് പ്രവേശിച്ച ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു. എന്തിനാണ് പൊലീസ് രണ്ട് നയം വെച്ചുപുലര്‍ത്തുന്നത്. പാലക്കാട് നിയോജകമണ്ഡലത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ സിപിഐഎം മൂന്നാം സ്ഥാനത്താണ്. ഈ മുനിസിപ്പാലിറ്റിയില്‍ ആറോ ഏഴോ സീറ്റുകളില്‍ മാത്രമാണ് സിപിഐഎമ്മിന് ജയിക്കാനായത്. അതില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് ബിജെപിയോട് നേരിട്ട് മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതും അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും. യുഡിഎഫും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപി പാലക്കാട് പിടിച്ചടക്കുമെന്ന് പറഞ്ഞപ്പോള്‍ അവരെ 17,000 വോട്ടിന് പരാജയപ്പെടുത്തുന്നത് ഞങ്ങള്‍ തന്നെയാണ്. അത്തരം കാര്യങ്ങളില്‍ ഒരു ഭയവും വിട്ടുവീഴ്ച്ചയുമില്ല. അവരെ ഫീല്‍ഡില്‍ തോല്‍പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് എക്കാലത്തും മുന്‍കൈയെടുത്തിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ കൃത്യമായി വിലയിരുത്തും. പാര്‍ട്ടിയ്ക്ക് അകത്ത് തിരുത്തേണ്ടിടത്ത് തിരുത്താനും പുറത്ത് ജനങ്ങളെ സമീപിച്ച് യുഡിഎഫിന് അനിവാര്യമായ തിരിച്ചുവരവിനും യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവരും. യുവാക്കളെ കൂടുതല്‍ സംഘടിപ്പിക്കും. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി യുഡിഎഫിന്റെ, കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി പ്രവര്‍ത്തിക്കും.”

Next Story