Top

‘പരസ്യമായി വിഴുപ്പലക്കണ്ടെന്ന് കരുതുന്നു; സമയബന്ധിതമായ അനിവാര്യ തീരുമാനങ്ങള്‍ ഉണ്ടാവണം’; കത്ത് വിവാദത്തില്‍ ഷാഫി

ഇലക്ഷന്‍ തോല്‍വിയെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കത്ത് അയച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. അനുയോജ്യമായിട്ടുള്ള പാര്‍ട്ടിവേദികളില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായങ്ങള്‍ അറിയിക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു. ”വലിയ പരാജയം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പരസ്യമായി വിഴുപ്പലക്കണ്ട എന്ന് കരുതുകയാണ്. എന്നാല്‍ സമയ ബന്ധിതമായ, അനിവാര്യ തീരുമാനങ്ങള്‍ ഉണ്ടായേ തീരൂ. അതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത് ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിക്കണമെന്ന് തരത്തിലുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി കൂടിയ സംസ്ഥാനകമ്മിറ്റി എടുത്തത്. കോവിഡ് വര്‍ദ്ധിക്കുന്ന […]

11 May 2021 9:19 AM GMT

‘പരസ്യമായി വിഴുപ്പലക്കണ്ടെന്ന് കരുതുന്നു; സമയബന്ധിതമായ അനിവാര്യ തീരുമാനങ്ങള്‍ ഉണ്ടാവണം’; കത്ത് വിവാദത്തില്‍ ഷാഫി
X

ഇലക്ഷന്‍ തോല്‍വിയെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കത്ത് അയച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍. അനുയോജ്യമായിട്ടുള്ള പാര്‍ട്ടിവേദികളില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായങ്ങള്‍ അറിയിക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

”വലിയ പരാജയം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പരസ്യമായി വിഴുപ്പലക്കണ്ട എന്ന് കരുതുകയാണ്. എന്നാല്‍ സമയ ബന്ധിതമായ, അനിവാര്യ തീരുമാനങ്ങള്‍ ഉണ്ടായേ തീരൂ. അതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത് ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിക്കണമെന്ന് തരത്തിലുള്ള തീരുമാനങ്ങളാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി കൂടിയ സംസ്ഥാനകമ്മിറ്റി എടുത്തത്. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത്‌കെയര്‍ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ ശക്തമാക്കുവാനും, ഇലക്ഷന്‍ തോല്‍വിയെ കുറിച്ച് സമഗ്രമായ ഉള്ള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുവാനും സംസ്ഥാന കമ്മറ്റി തീരുമാനം എടുത്തിരുന്നു.” ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്കും എഴുതപ്പെട്ടു എന്ന് പറയുന്ന കത്തിനും ഔദ്യോഗിക സ്വഭാവമില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ മാറ്റണമെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്ത് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെപിസിസി, സിസിസി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, ഐഎന്‍ടിയുസി ജംബോ കമ്മിറ്റികളെ അടിയന്തിരമായി പിരിച്ചുവിട്ട് ബൂത്ത് ലെവലില്‍ നിന്നും ഇവ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എസ് ജെ പ്രേംരാജ്, ഏഴ് ജനറല്‍ സെക്രട്ടറിമാര്‍, 13 സെക്രട്ടറിമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കോട്ടയം, ഇടുക്കി ജില്ലാ പ്രസിഡണ്ടുമാര്‍ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ചരിത്രത്തിലില്ലാത്ത പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയതെന്നും തിരിച്ചുവരാന്‍ തിരുത്തല്‍ വേണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. പരാജയത്തിന്റെ ഉത്തരവാദികളായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ എന്നിവരെ മാറ്റണമെന്നായിരുന്നു ആവശ്യം.

കത്ത് ചര്‍ച്ചയായതോടെ, സംസ്ഥാന കമ്മിറ്റി യോഗം ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാലും രംഗത്തെത്തിയിരുന്നു. നേതൃത്വം മോശമാണെന്ന അഭിപ്രായം യൂത്ത് കോണ്‍ഗ്രസിനില്ലെന്നും പ്രതിപക്ഷ നേതാവിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

Next Story