
പാലക്കാട് പൊലീസിനൊപ്പം വാഹനപരിശോധനയ്ക്ക് യൂണിഫോം ധരിച്ച സേവാഭാരതി പ്രവര്‍ത്തകരെത്തിയ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍. പൊലീസ് മതിയായ ശ്രദ്ധ കൊടുക്കേണ്ടതായിരുന്നുവെന്നും സംഭവിച്ചത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ ഉപയോഗിക്കരുതെന്ന ചട്ടം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരണമറിയിച്ചു. രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദര്‍ശിപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. സന്നദ്ധ സംഘടന പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ വിളിച്ചൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയേഴ്സ്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ക്ക് പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളില്‍, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ കഴിഞ്ഞകൊല്ലവും നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം പ്രവര്‍ത്തനസന്നദ്ധരായി വന്നവരാണ്. അവരുടെ രാഷ്ട്രീയമോ സംഘടന ബന്ധമോ പ്രദര്‍ശിപ്പിച്ച് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല.’ മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സേന അംഗങ്ങളും പോലീസിനെ സഹായിക്കാന്‍ രംഗത്തെത്തുന്നുണ്ടെങ്കിലും അവര്‍ യാതൊരുവിധത്തിലുമുളള യൂണിഫോമുകളോ അടയാങ്ങളോ ഇല്ലാതെയാണ് സേവനരംഗത്തുള്ളത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖും രംഗത്തെത്തിയിരുന്നു.