പാലക്കാട് നിലനിര്‍ത്താന്‍ ഷാഫി വരുമെന്ന് ഉറപ്പ്; വെല്ലാന്‍ ബിജെപി സന്ദീപിനെ വിട്ടാല്‍ പ്രതിസന്ധിയിലാവുക സിപിഐഎം
2016-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കി വിജയം പരീക്ഷിച്ച മണ്ഡലത്തില്‍ ഇത്തവണ സന്ദീപ് വാര്യരടക്കമുള്ളവരുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

കേരളത്തില്‍ ബിജെപി സാന്നിധ്യം ശക്തമായ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. 2016 തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം വരെ എത്താനായ മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലുള്പ്പടെ നേടാനായ മുന്നേറ്റം ഇത്തവണ വിജയത്തിലെത്തിക്കാം എന്ന പ്രതീക്ഷയോടെയാണ് 2021 തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തെ കാണുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ യുവ നേതാവ് ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി വിജയിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 2016-ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ഥിയാക്കി പരീക്ഷിച്ച മണ്ഡലത്തില്‍ ഇത്തവണ സന്ദീപ് വാര്യരടക്കമുള്ളവരുടെ പേരാണ് ഉയരുന്നത്.
1952- മദ്രാസ് പ്രവശ്യയുടെ ഭാഗമായിരുന്ന പാലക്കാട് മണ്ഡലത്തില്‍ ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി കെ രാമകൃഷ്ണനാണ് വിജയിച്ചത്. പിന്നീട് 1956-ലെ സംസ്ഥാന രൂപീകരണത്തിനുശേഷം 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1957-ലും 1960-ലും മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ബാനറില്‍ മത്സരിച്ച ആര് രാഘവ മേനോന് സിപിഐ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയിച്ചു. 1965-ല്‍ സിപിഐഎം എത്തിയതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുകയും തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി എം വി വാസു വിജയിക്കുകയും ചെയ്തു. അടുത്ത രണ്ട് ടേമിലും ഇടതുമുന്നണിയോടൊപ്പം നിന്ന പാലക്കാട് 1967, 1970 തെരഞ്ഞെടുപ്പുകളില്‍ ആര് കൃഷ്ണനെയാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുത്തത്.
ഇതിനിടെ 1967 -ഓടെ ഭാരതീയ ജന സംഘ് തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് കടന്നുവരികയും 1967, 70 തെരഞ്ഞെടുപ്പുകളില്‍ ബിജെഎസ് സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ മുന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 1970-ല്‍ പതിനയ്യായിരത്തിലധികം വോട്ടുകളാണ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ നേടിയത്. പിന്നീട് 1977-ലെ തെരഞ്ഞെടുപ്പ് മുതല്‍ 1991 വരെയുള്ള 5 ടേം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് സി എം സുന്ദരമാണ്. 1977, 80, 82, 87 തെരഞ്ഞെടുപ്പുകളില്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം 1990-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയും 1991-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്തു. എന്നാല്‍ 1996-ലെ തെരഞ്ഞെടുപ്പില്‍ 596 വോട്ടുകള്‍ക്ക് സിപിഐഎം സ്ഥാനാര്‍ഥി ടി കെ നൗഷാദിനോട് അദ്ദേഹം പരാജയപ്പെട്ടു.
2001-ലെ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കെ ശങ്കരനാരായണനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വീണ്ടും മണ്ഡലം പിടിച്ചു. അന്ന് ടി കെ നൗഷാദ് എംഎല്‍എ പതിനായിരത്തില്പരം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ പരാജയപ്പെട്ടത്. 2006-ല്‍ വീണ്ടുമൊരട്ടമറിയിലൂടെ ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. സിപിഐഎം നേതാവ് കെ കെ ദിവാകരന് 1344 വോട്ടുകള്‍ക്ക് വിജയിച്ച ആ തെരഞ്ഞെടുപ്പില്‍ എ വി ഗോപിനാഥനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പതിനായിരത്തോളം വോട്ടുകള്‍ പിടിച്ച് മുന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയുടെ വോട്ടുകള്‍ ഇരുപതിനായിരത്തിനുപുറത്തേക്ക് കടന്നതും 2006-ലെ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലായിരുന്നു.
2011-ല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ യുവ നേതാവായ ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് രംഗത്തിറക്കുകയും 7403 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് അദ്ദേഹം മണ്ഡലം പിടിക്കുകയും ചെയ്തു. കെ കെ ദിവാകരന് എംഎല്‍എ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തില്‍പരം വോട്ടുകളുമായി ബിജെപി മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. 2016-ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐഎം നേതാവും പാലക്കാട് നിന്ന് ലോക്സഭയിലെത്തിയ ചരിത്രവുമുള്ള എന്‍ കൃഷ്ണനെ തന്നെ ഇടതുപക്ഷം രംഗത്തിറക്കിയെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അന്ന് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദന് മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റം ബിജെപിയെ രണ്ടാം സ്ഥാനത്തെത്തിച്ചു. മണ്ഡലത്തില്‍ 40076 വോട്ടുകളുമായി ശോഭ സുരേന്ദ്രന് രണ്ടാമതെത്തിയപ്പോള്‍ 1401 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു സിപിഐഎം സ്ഥാനാര്‍ഥി.

2011-ലെ മൂന്നാം സ്ഥാനത്തില്‍ നിന്ന് ഇരുപതിനായിരത്തോളം വോട്ടുകള്‍ അധികം നേടിയായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റം. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സിപിഐഎമ്മിന് ഏഴുശതമാനത്തിലധികം നഷ്ടമാണ് മണ്ഡലത്തിലുണ്ടായത്. അതേസമയം 2011- ലേതിനേക്കാള്‍ പതിനായിരത്തോളം വോട്ടുകളുടെ വര്‍ദ്ധനവ് ഷാഫി പറമ്പിലിന് മണ്ഡലത്തിലുണ്ടാക്കാനായി.
അതിനാല്‍ തന്നെ രണ്ട് തവണ മണ്ഡലം പിടിച്ച ഷാഫി പറമ്പിലിനെ കോണ്‍ഗ്രസ് വീണ്ടും രംഗത്തിറക്കാനാണ് സാധ്യത. ബിജെപിയുടെ രണ്ടാം സ്ഥാനം മുന്നിലിരിക്കെ മറ്റുപരീക്ഷണങ്ങളുടെ ഫലം വിപരീതമാകാമെന്നതാണ് അതിന് കാരണമായി എടുത്തുകാട്ടപ്പെടുന്നത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ശോഭ സുരേന്ദ്രനുപകരം സന്ദീപ് വാര്യരെ മണ്ഡലത്തില്‍ പരീക്ഷിക്കാന്‍ ബിജെപി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ സി കൃഷ്ണകുമാറിന്റെ പേരും മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം മലമ്പുഴയില്‍ മത്സരിക്കാനാണ് താത്പര്യമറിയിച്ചിരിക്കുന്നത്.
പാലക്കാട് നഗരസഭ ബിജെപി ഭരണം നേടിയതിന് പിന്നാലെ പാലക്കാട് കേരളത്തിന്റെ ഗൂജറാത്താണെന്ന് സന്ദീപ് വാര്യര്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പുറമെയായിരുന്നു നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ കെട്ടിയുള്ള ബിജെപിയുടെ വിജയാഘോഷം. ഏറെ വിമര്‍ശിക്കപ്പെട്ട ഈ നടപടികള്‍ക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന് മണ്ഡലമൊരുങ്ങുമ്പോള് കോണ്‍ഗ്രസിന്റെ പ്രകടനം തന്നെയാകും മണ്ഡലത്തില്‍ നിര്‍ണ്ണായകമാവുക. മണ്ഡലത്തില്‍ അശക്തമാണെന്ന് വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇടതുപക്ഷം എന്തുനിലപാടെടുക്കുമെന്നതും പ്രധാനമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ തന്നെ കേരളത്തിലെ പൊതുചിത്രത്തിനുവിപരീതമായി ഇടതുപക്ഷം പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. ഇത് അത്ര നല്ല സൂചനയല്ല എല്‍ഡിഎഫിന് നല്‍കുന്നത്.