കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റുമായി താരതമ്യം ചെയ്ത് ഷാഫി പറമ്പില്‍; നേതാക്കള്‍ക്ക് പരോക്ഷ വിമര്‍ശനം
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ യുവ പ്രാധിനിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടികളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുവജന പ്രാധിനിത്യം എല്ലാ മേഖലയിലും ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാലമാണിത്. ഈ അടുത്ത് നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സീരീസ് നോക്കൂ എന്നുതുടങ്ങിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുവാക്കള്‍ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കാന്‍ തയ്യാറാവണമെന്ന പരോക്ഷ അഭിപ്രായത്തോടെയായിരുന്നു ഷാഫിയുടെ പ്രതികരണം. […]

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ യുവ പ്രാധിനിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടികളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുവജന പ്രാധിനിത്യം എല്ലാ മേഖലയിലും ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാലമാണിത്. ഈ അടുത്ത് നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സീരീസ് നോക്കൂ എന്നുതുടങ്ങിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യുവാക്കള്‍ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കാന്‍ തയ്യാറാവണമെന്ന പരോക്ഷ അഭിപ്രായത്തോടെയായിരുന്നു ഷാഫിയുടെ പ്രതികരണം.
‘ഈ അടുത്ത കാലത്ത് നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ സീരീസ് നോക്കൂ. വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള സീനിയര്‍ ലൈനപ്പ് ആദ്യ പരാജയത്തിന് ശേഷം തിരിച്ചുപോരേണ്ടി വന്നു. സീനിയര്‍ താരങ്ങള്‍ക്കെല്ലാം പരിക്കുപറ്റി. വലിയ പ്രതീക്ഷയുണ്ടായിരുന്ന താരങ്ങള്‍ക്കുപോലും പരിക്ക് സംഭവിച്ചു. അപ്പോള്‍ സെക്കന്റ് ലൈന്‍ ആ സാഹചര്യത്തില്‍ ഇടപെട്ട ഒരു രീതിയുണ്ട്. ഋഷഭ് പന്തിനെപ്പോലെ സ്ഥിരതയില്ലെന്ന് നമ്മള്‍ കരുതിയ ഒരു പ്ലയറും, പുതുതായി ടീമിലേക്ക് വന്ന കളിക്കാരും ബൗളര്‍മാരും സിറാജിനെപ്പോലെയൊക്കെയുള്ള ആളുകള്‍ ഓസ്‌ട്രേലിയപ്പോലെ വമ്പന്‍ നിരയോട് അവര്‍ നടത്തിയ പോരാട്ടവും അവരുടെ പ്രതിരോധവും നമ്മള്‍ കാണണം. ആ പരമ്പര ജയിച്ച് അവര്‍ വന്ന ഒരു വരവുണ്ട്. അത് രാജ്യത്തിനാകെ ഒരു സന്ദേശമാണ്. നമുക്ക് എല്ലാത്തുനും പോന്ന ഒരു രണ്ടാം നിരയുണ്ടെന്ന സന്ദേശം. അവര്‍ക്ക് സാഹചര്യം നല്‍കണം എന്നത് മാത്രമാണ് കാര്യം’, ഷാഫി പറമ്പില്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസിനും അതിലൊരു മെസേജ് ഉണ്ട്. കോണ്‍ഗ്രസ് യുവാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നിയമസഭയിലേക്ക് നോക്കിയാല്‍ അത് മനസിലാവും. ഞാന്‍ പാര്‍ട്ടി അവസരം നല്‍കി വന്ന ആളാണ്. വിടി ബല്‍റാം, ഐസി ബാലകൃഷ്ണന്‍, എം വിന്‍സെന്റ്, അനില്‍ അക്കര, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, നേരത്തെയുണ്ടായിരുന്ന ഹൈബി ഈഡന്‍ തുടങ്ങി നീണ്ട ഒരു നിരയുണ്ട്. സഭയില്‍ മുഴുവന്‍ ഉള്ള യുഡിഎഫ് പ്രതിനിധികളുടെ എണ്ണവും അതിലെ യുവാക്കളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്താല്‍ മറ്റ് ഏത് പാര്‍ട്ടിക്കുള്ളതിനേക്കാളും കോണ്‍ഗ്രസ് ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതികൂല സാഹചര്യമായിരുന്നിട്ടും ഈ ചെറുപ്പക്കാരെല്ലാം ജയിച്ചു’.
കോണ്‍ഗ്രസ് ഇറക്കിയ യുവനിര എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞാന്‍ മത്സരിക്കുമ്പോള്‍ സിറ്റിങ് എല്‍ഡിഎഫ് സീറ്റായിരുന്നു. ബല്‍റാം മത്സരിക്കുമ്പോള്‍ സിറ്റിങ് എല്‍ഡിഎഫ് സീറ്റായിരുന്നു. ഐസി മത്സരിക്കുമ്പോള്‍ സിറ്റിങ് എല്‍ഡിഎഫ് സീറ്റായിരുന്നു. സാദത്തും റോജിയും എല്‍ദോസ് കുന്നപ്പള്ളിയും വിന്‍സെന്റുമെല്ലാം മത്സരിക്കുമ്പോള്‍ സിറ്റിങ് എല്‍ഡിഎഫ് സീറ്റായിരുന്നു. ഇങ്ങനെ എത്ര എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് ഞങ്ങള്‍ ജയിച്ചുവന്നതും നിലനിര്‍ത്തിയതും. പാര്‍ലമെന്റിന്റെ കാര്യമെടുത്താല്‍ രമ്യ ഹരിദാസ് എംപിയെപ്പോലെയുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിച്ചത് കോണ്‍ഗ്രസ് തന്നെയല്ലേ’, ഷാഫി ചോദിച്ചു. യുവാക്കള്‍ പരാജയപ്പെട്ടിടങ്ങള്‍ പരിശോധിച്ചാല്‍ അത് നേരിയ ഭൂരിപക്ഷത്തിലുണ്ടായ തോല്‍വിയാണെന്ന് വ്യക്തമാവുമെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
ഈ പ്രായം വെച്ചുള്ള കണക്കുകള്‍ യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചിട്ടുണ്ട്. അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ടേമുകള്‍ കഴിഞ്ഞാല്‍ മത്സരിക്കേണ്ടെന്ന അഭിപ്രായ തനിക്കില്ല. ആളുകള്‍ മാറിയാലും ജയിക്കും എന്നുറപ്പുള്ള സ്ഥലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നാണ് തന്റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു. പണ്ടത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വമെന്ന് പാര്‍ട്ടി നേതാക്കള്‍ തിരിച്ചറിയണം. അവര്‍ അന്ന് പറഞ്ഞ മുദ്രാവാക്യങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കണമെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് മാനേജുമെന്റില്‍ വലിയ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം തുറന്നടിച്ചു. തീരുമാനങ്ങളെടുക്കുന്നതില്‍ വന്ന താമസം, സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പാര്‍ട്ടികകത്ത് നേതാക്കളുള്‍പ്പെടെ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം നെഗറ്റീവായി ബാധിച്ചു. അവയെ മറികടക്കാന്‍ ഈ അഞ്ചുവര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ ഒരാഴ്ചക്കാലം ഡല്‍ഹിയില്‍ തമ്പടിച്ച് നില്‍ക്കുന്ന സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ഈ നേതാക്കള്‍ എത്രയോ വര്‍ഷത്തെ അനുഭവ പരിജയമുള്ള നേതാക്കളാണ്. ഇവ ര്‍ക്കൊരു മേശയ്ക്ക് ചുറ്റുമിരുന്ന്, നമ്മുടെ തര്‍ക്കം ഡല്‍ഹിയിലേക്ക് പോവേണ്ടെന്നും ഇവിടെ തീരുമാനിച്ചാല്‍ മതിയെന്ന് തീരുമാനിക്കണമായിരുന്നു. ഇത്തവണ അതുണ്ടാവാതിരിക്കാനുള്ള ജാഗ്രത പാര്‍ട്ടി എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയില്‍നിന്നും കാര്യമായ വെല്ലുവിളി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നില്ല. മലമ്പുഴയിലടക്കം കോണ്‍ഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോവുന്ന അവസ്ഥയുണ്ടാവില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.