Top

ലോക്ക്ഡൗണ്‍: സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു; ജിഎസ്ടി വരവില്‍ 1,255 കോടി രൂപയുടെ ഇടിവ്

പ്രധാനവരുമാന സ്രോതസുകളായ ലോട്ടറി, മദ്യം എന്നിവയില്‍ നിന്നുള്ള വരവ് നിലച്ചതോടെയാണ് സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്നത്.

11 Jun 2021 2:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്ക്ഡൗണ്‍: സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു; ജിഎസ്ടി വരവില്‍ 1,255 കോടി രൂപയുടെ ഇടിവ്
X

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മെയ് മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ 1255 കോടി രൂപയുടെ ഇടിവുണ്ടാതായാണ് വിവരം. ഏപ്രില്‍ മാസത്തില്‍ 2298 കോടിയായിരുന്ന ജിഎസ്ടി വരുമാനം 1043 കോടി രൂപയായാണ് താഴന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള എസ്ജിഎസ്ടി 1075 കോടിയില്‍ നിന്ന് 477 കോടിയായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനവരുമാന സ്രോതസുകളായ ലോട്ടറി, മദ്യം എന്നിവയില്‍ നിന്നുള്ള വരവ് നിലച്ചതോടെയാണ് സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്നത്. പ്രതിമാസം 1500 മുതല്‍ 1800 കോടിയുടെ മദ്യവില്‍പ്പന നടക്കുമ്പോള്‍ ശരാശരി 1500 കോടിയെങ്കിലും നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുമായിരുന്നു. ഈ തുക ഒന്നായി സര്‍ക്കാരിന് ഇത്തവണ നഷ്ടമാകുകയാണ്. ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന സംസ്ഥാനത്തില്‍റെ ജിഎസ്ടി വിഹിതമായ പതിനാറരക്കോടി രൂപയും സര്‍ക്കാരിന് ഇത്തവണ നഷ്ടമായി. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ സര്‍ക്കാരിന് മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന 78 കോടി ഇത്തവണ ഒന്‍പത് കോടിയായി താഴ്ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ മെയ്മാസം 27.6 ശതമാനം ഇടിവാണുണ്ടായത്. 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഏറ്റവും ഉയര്‍ന്ന വരുമാനമായിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലഭിച്ചിരുന്നത്. കേന്ദ്ര ജിഎസ്ടി 1792 കോടി രൂപയും സംസ്ഥാന ജിഎസ്ടി 22653 കോടിയുമായിരുന്നു ഏപ്രില്‍ മാസം ലഭിച്ചിരുന്നത്.

ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 868 കോടി രൂപ ഉള്‍പ്പെടെ 9265 കോടി രൂപയാണ് സെസ് വഴി മെയ് മാസത്തില്‍ പിരിച്ചെടുത്തത്. 1,02,709 കോടിയില്‍ ഐജിഎസ്ടി 53,199 കോടി രൂപയും എസ്ജിഎസ്ടി 22,653 കോടി രൂപയുമാണ്. കൊവിഡ് മൂലം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ മെയ് മാസത്തിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത് ശുഭസൂചന തന്നെയാണെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.മെയ് മാസത്തില്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്തതില്‍ നിന്നുള്ള വരുമാനം 56 ശതമാനം വര്‍ധിച്ചതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

Next Story

Popular Stories