Top

സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്കും ഐഷ സുല്‍ത്താനയ്ക്കും ഐക്യദാര്‍ഢ്യം: എസ്എഫ്‌ഐ

ഐഷാ സുല്‍ത്താനയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

12 Jun 2021 2:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്കും ഐഷ സുല്‍ത്താനയ്ക്കും ഐക്യദാര്‍ഢ്യം: എസ്എഫ്‌ഐ
X

ബയോ വെപണ്‍ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്യോഹ കുറ്റം ചുമത്തി കേസെടുക്കപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐ. സംഘപരിവാറിൻ്റെ വർഗ്ഗീയ അജണ്ടക്ക് ഏതിരേനിലനില്പിനായി പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്കും, ഐഷ സുൽത്താനക്കും പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഐഷാ സുല്‍ത്താനയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എസ്എഫ്‌ഐ പ്രസ്താവനയിലൂടെ പറഞ്ഞു. കേസെടുത്ത കാര്യം വിശദീകരിച്ചുകൊണ്ടുള്ള ഐഷ സുല്‍ത്താനയുടെ വാക്കുകള്‍ കൂടി ഉദ്ധരിച്ചുകൊണ്ടായിരുന്നു എസ്എഫ്‌ഐയുടെ പ്രസ്താവന.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനൊപ്പം.ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽപ്രതിഷേധം രേഖപ്പെടുത്തുന്നു.

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതില്‍ എസ്.എഫ്.ഐ പ്രതിഷേധം രേഖപ്പെടുത്തുന്നു. ലക്ഷദ്വീപ് വിഷയം പുറംലോകത്തെത്തിക്കുന്നതിലും ദ്വീപ് ജനതയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നതിലും മുന്നിൽ നിന്ന സാമൂഹ്യപ്രവർത്തകയാണ് സംവിധായിക കൂടിയായ ഐഷ സുൽത്താന. ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ് ലക്ഷദ്വീപ് പോലീസ്.ചാനൽ ചർച്ചക്കിടയിൽ നടത്തിയ ബയോവെപ്പൺ എന്ന ഒരു പദപ്രയോഗത്തിന്റെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

ഐഷ ഇന്നലെ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിലെ വരികൾ ശ്രദ്ധേയമാണ്. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപുകാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും എന്നാണ് ഐഷ കുറിച്ചിരിക്കുന്നത്. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്, എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത് എന്നും ഐഷ പ്രതികരിച്ചിരുന്നു. സംഘപരിവാറിൻ്റെ വർഗ്ഗീയ അജണ്ടക്ക് ഏതിരേനിലനില്പിനായി പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്കും, ഐഷ സുൽത്താനക്കും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ഐക്യദാർഢ്യവും, പിന്തുണയും ഉണ്ടാകുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Next Story