Top

ജോലി വാഗ്ദാനം ചെയ്ത് പീഢനമെന്ന ആരോപണം; കര്‍ണാടകയില്‍ ബിജെപി മന്ത്രി രാജിവെച്ചു

സത്യസന്ധമായ അന്വേഷണം നടക്കേണ്ടത് ആവശ്യമായതിനാല്‍ ധാര്‍മ്മികയുടെ പേരില്‍ രാജിവെയ്ക്കുന്നുവെന്ന് ജര്‍ക്കിഹോളി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

3 March 2021 4:59 AM GMT

ജോലി വാഗ്ദാനം ചെയ്ത് പീഢനമെന്ന ആരോപണം; കര്‍ണാടകയില്‍ ബിജെപി മന്ത്രി രാജിവെച്ചു
X

ജോലി വാഗ്ദാനം ചെയ്ത് പീഢിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായിരുന്ന രമേഷ് ജര്‍ക്കിഹോളി മന്ത്രിസ്ഥാനം രാജിവെച്ചു. തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ജര്‍ക്കിഹോളി പ്രതികരിച്ചിരുന്നു. എന്നാല്‍ ആരോപണത്തെത്തുടര്‍ന്ന് രാഷ്ട്രീയ വിവാദം പുകഞ്ഞതോടെ മന്ത്രി രാജി സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. സത്യസന്ധമായ അന്വേഷണം നടക്കേണ്ടത് ആവശ്യമായതിനാല്‍ ധാര്‍മ്മികയുടെ പേരില്‍ രാജിവെയ്ക്കുന്നുവെന്ന് ജര്‍ക്കിഹോളി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിയ്‌ക്കെതിരെ പീഢന ആരോപണം പുറത്തെത്തുന്നത്. രമേഷ് ജര്‍ക്കിഹോളി ജോലി വാഗ്ദാനം ചെയ്ത് ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു പരാതി. പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കല്ലഹള്ളി പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചു. കര്‍ണ്ണാടക ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു ആരോപണവിധേയനായ രമേഷ് ജര്‍ക്കിഹോളി.

കെപിടിസിഎലില്‍ ജോലി വാഗ്ദാനം ചെയ്ത് 25കാരിയായ യുവതിയെ നിരവധി തവണ മന്ത്രി പീഡിപ്പിച്ചെന്നാണ് ദിനേഷ് കല്ലഹള്ളി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. മന്ത്രിയുടെ വീഡിയോ യുവതി ചിത്രികരിച്ചിരുന്നുവെന്നും ഇതറിഞ്ഞ മന്ത്രി ഇവരെ ഭീഷണിപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചൊവ്വാഴ്ച്ചയാണ് ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

യുവതിയുടെ കുടുംബം ദിനേഷ് കല്ലഹള്ളിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മന്ത്രിയുടെ ഭാഗത്തും നിന്നും അപായശ്രമങ്ങള്‍ ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുടുംബം. അതിനാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കണം എന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

ഒരു മാസം മുമ്പ് ബംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടക്കുന്നത്. അതുകൊണ്ട് തന്നെ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയതായും കല്ലഹള്ളി വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Next Story