കാർഷിക പ്രക്ഷോഭം: ആശങ്കയറിയിച്ച് മൈക്ക് പോംപിയോയ്ക്ക് കത്തയച്ച് യുഎസ് നിയമസഭാംഗങ്ങൾ
ദേശീയ നയങ്ങളെ നിർണയിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതോടൊപ്പം തങ്ങളുടെ സാമ്പത്തിക സുരക്ഷയിൽ ആശങ്കപ്പെട്ടു കൊണ്ട് സമാധാനപരമായി സമരം നയിക്കുന്നവരെയും തങ്ങൾ അംഗീകരിക്കുന്നു, കത്തിൽ പറയുന്നു.

ഇന്ത്യയിൽ ഏതാണ്ട് ഒരു മാസത്തോളമായി തുടരുന്ന കാർഷിക പ്രക്ഷോഭങ്ങളെ പരാമർശിച്ചു കൊണ്ട് യുഎസ് നിയമസഭാംഗങ്ങളുടെ ഏഴംഗസംഘം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തയച്ചു . ഇന്തോ-അമേരിക്കൻ വംശജയായ കോൺഗ്രസ് അംഗമായ പ്രമീള ജയ് പാലും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പ്രതിനിധികളുമായ് ചേർന്ന് ഈ വിഷയത്തിൽ ഇടപെടണമെന്നാണ് ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സിഖ് അമേരിക്കക്കാരിൽ പലരുടെയും കുടുംബങ്ങൾ ഇന്നും പഞ്ചാബിലുണ്ട്. പലർക്കും ഇന്നും പരമ്പരാഗത സ്വത്തും സ്ഥലവും അവിടെയുണ്ട്. കൂടാതെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കക്കാരിലും ഈ വിഷയം ആശങ്ക ഉണർത്തുന്നുണ്ടെന്നാണ് പോംപിയോയ്ക്ക് അയച്ച കത്തിൽ പരാമർശിച്ചിട്ടുള്ളത്. രാഷ്ട്രീയ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇന്ത്യ ഇപ്പോൾ കടന്നുപോകുന്ന ഈ സാമൂഹിക അസ്വസ്ഥതയുടെ ചുറ്റുപാടിൽ ധാരാളം രാഷ്ട്രീയ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തിട്ടുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയെ വേണ്ടവിധത്തിൽ ഗുണദോഷിക്കാനാവുക യുഎസിനാകും എന്നും കത്തിൽ സൂചനയുണ്ട്. ദേശീയ നയങ്ങളെ നിർണയിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതോടൊപ്പം തങ്ങളുടെ സാമ്പത്തിക സുരക്ഷയിൽ ആശങ്കപ്പെട്ടു കൊണ്ട് സമാധാനപരമായി സമരം നയിക്കുന്നവരെയും തങ്ങൾ അംഗീകരിക്കുന്നു, കത്തിൽ പറയുന്നു.
എന്നാൽ കാർഷിക സമരത്തെ പിന്തുണച്ചു കൊണ്ട് എന്നാൽ പല വിദേശനേതാക്കളും നടത്തിയ പ്രസ്താവനകളെ “തെറ്റിദ്ധരിക്കപ്പെട്ടതും, അനുചിതവും” എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. കൂടാതെ ഇതെല്ലാം ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളാണെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ സൂചിപ്പിക്കുന്നു.
പ്രമീള ജയപാലിന് പുറമേ, യുഎസ് കോൺഗ്രസ് അംഗങ്ങളായ ഡോണൾഡ് നോർക്രോസ്, ബ്രണ്ടൻ എഫ് ബോയ്ൽ, ബ്രയാൻ ഫിറ്റ്സ്പാട്രിക്, മേരി ഗേ സ്കാൻലോൺ, ഡെബി ഡിംഗൽ, ഡേവിഡ് ട്രോൺ എന്നിവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. പന്ത്രണ്ടിലധികം യുഎസ് കോൺഗ്രസ് അംഗങ്ങൾ ഇന്ത്യയിൽ നടന്നുപോരുന്ന കാർഷിക പ്രതിഷേധത്തെക്കുറിച്ച് ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.