‘തടയലും വിലക്കും, സേവാഭാരതിയെ പിന്തുണയ്ക്കണം’; മുഖ്യമന്ത്രിക്ക് സംസ്ഥാന നേതാവിന്റെ കത്ത്
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്ന് സേവാഭാരതിയെ വിലക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുമായി സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി വിജയന്‍. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടി സേവാഭാരതിക്ക് അവസരം നല്‍കണമെന്നും സംഘടനയെ പിന്തുണയ്ക്കണമെന്നും വിജയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വിവിധയിടങ്ങളില്‍ അധികൃതര്‍ സേവാഭാരതിയെ വിലക്കുകയും തടയുകയും ചെയ്യുന്നുണ്ടെന്നും സേവാഭാരതി കത്തില്‍ പറയുന്നു. കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ”രാഷ്ട്രീയമോ മതപരമോ ആയ ഒരു തരത്തിലുള്ള വിവേചനവും സേവാഭാരതി പുലര്‍ത്തിയിട്ടില്ല. പ്രളയമടക്കമുള്ള ദുരന്തകാലങ്ങളിലെല്ലാം സേവാഭാരതി നടത്തിയ സേവന […]
28 May 2021 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്ന് സേവാഭാരതിയെ വിലക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുമായി സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി വിജയന്‍. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടി സേവാഭാരതിക്ക് അവസരം നല്‍കണമെന്നും സംഘടനയെ പിന്തുണയ്ക്കണമെന്നും വിജയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വിവിധയിടങ്ങളില്‍ അധികൃതര്‍ സേവാഭാരതിയെ വിലക്കുകയും തടയുകയും ചെയ്യുന്നുണ്ടെന്നും സേവാഭാരതി കത്തില്‍ പറയുന്നു.
കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ”രാഷ്ട്രീയമോ മതപരമോ ആയ ഒരു തരത്തിലുള്ള വിവേചനവും സേവാഭാരതി പുലര്‍ത്തിയിട്ടില്ല. പ്രളയമടക്കമുള്ള ദുരന്തകാലങ്ങളിലെല്ലാം സേവാഭാരതി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയിലുമുണ്ടല്ലോ. എന്നിട്ടും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അധികൃതര്‍ സേവാഭാരതിയെ വിലക്കുകയും തടയുകയും ചെയ്യുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള റിലീഫ് ഏജന്‍സിയായി കണ്ണൂര്‍ ജില്ലാ ഭരണകൂടം സേവാഭാരതിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദ് ചെയ്തതായി വിവരം വരുന്നു. എന്നിട്ടും കണ്ണൂര്‍ ജില്ല പഞ്ചായത്ത് ഭരണനേതൃത്വം രാഷ്ട്രീയം ആരോപിച്ചാണ് ഈ നീക്കം നടത്തിയത്.”
”സംസ്ഥാനത്തുടനീളം സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നത്. വസ്തുതകള്‍ ഇതായിട്ടും പല മേഖലകളിലും അകാരണമായ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് സേവാഭാരതി ഇരയാകുന്നു. കൊല്ലം ജില്ലയിലെ പരവൂരില്‍ പൂതക്കുളം പഞ്ചായത്തില്‍ സേവാഭാരതിയുടെ ഹെല്പ് ഡെസ്‌ക് പൂട്ടേണ്ടിവന്നത് അതിന്റെ ഭാഗമായാണ്. ഇപ്പോള് ആയുഷ് 64 ന്റെ വിതരണം സേവാഭാരതിയെ ഏല്‍പിച്ചതിനെതിരെ കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ പരാതി നല്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു.”
”പത്തനംതിട്ടയില്‍ ഡി.എം.ഒ സേവാഭാരതിക്കെതിരെ അവരുടെ സോഷ്യല്‍മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. വിചിത്രമായ സംഗതി സേവാഭാരതിയോട് ഇല്ലാത്ത രാഷ്ട്രീയം ചൂണ്ടിക്കാട്ടി വിവേചനം കാണിക്കുന്ന ഇതേ ആളുകള്‍ മറ്റ് സംഘടനകള്‍ രാഷ്ട്രീയ അടയാളങ്ങളുയര്‍ത്തിത്തന്നെ പ്രവര്‍ത്തിക്കുന്നതിനെ അംഗീകരിക്കുകയും ചെയ്യുുന്നു എന്നതാണ്.”
”വിവേചനരഹിതമായ പെരുമാറ്റം അധികൃതരില്‍ നിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിന് അങ്ങയുടെ നേതൃത്വത്തില്‍ കൈക്കൊള്ളുന്ന ധീരമായ നടപടികള്‍ക്ക് പിന്‍ബലമായി നിന്ന് സേവനം ആവശ്യമുള്ള എല്ലാവരിലേക്കും അതെത്തിക്കുക എന്നതാണ് ഞങ്ങളുടെയും ലക്ഷ്യം. സേവാസന്നദ്ധരായി രംഗത്തിറങ്ങിയ സേവാഭാരതിക്ക് അങ്ങയുടെ പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”