‘ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ ഉടന്‍ അനുമതി വേണം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഓകസ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കണമെന്ന് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

പൂനെ: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കണമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇത് സംബന്ധിച്ച് വിദഗ്ദ സമിതി തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പാണ് ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന് യുകെ അംഗീകാരം നല്‍കിയത്.
ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും ഇന്ത്യന്‍ റെഗുലേറ്ററിയുടെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് അദര്‍ പൂനവല്ല പറഞ്ഞു. ഓക്‌സ്‌ഫോഡും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കൊവീഷീല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വാക്‌സിന്റെ അടിയന്തിര ഉപയോഗം ഈ വര്‍ഷം അവസാനത്തോടെയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.
വാക്‌സിന്റെ 50 മില്ല്യണോളം ഡോസുകള്‍ ഇതിനോടകം വികസിപ്പിച്ച് കഴിഞ്ഞു. അടുത്ത മാര്‍ച്ചിനുള്ളില്‍ 100 മില്ല്യണ്‍ ഡോസുകള്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പൂനവല്ല പറഞ്ഞു.
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വാക്‌സിന് യുകെ അംഗീകാരം നല്‍കിയത്. ഈ വാക്‌സിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യമാണ് യുകെ. ഫൈസര്‍ ബയേണ്‍ടെക്കിന്റെ വാക്‌സിനും രാജ്യം നേരത്തെ അനുമതി നല്‍കുകയും അതിന്റെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ഓക്‌സ്‌ഫോഡും ആസ്ട്രസെനെക്കയും പുറത്തിറക്കുന്ന വാക്‌സിന്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയും ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.