
രാജ്യത്ത് കൊവിഡ് വാക്‌സിന്റെ സംയുക്ത വിതരണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് റെഗുലേറ്ററി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇത്തരം ഒരുപ്രസ്താവനയും കമ്പനി അധികൃതര്‍ രംഗത്തെത്തിയത്.
രണ്ട് വാക്‌സിനുകളും സംയുക്തമായി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് വിതരണം വേഗത്തിലാക്കനാണ് ഇത്തരം ഒരു നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ലയും ഭാരത് ബയോടെക്ക് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ലയും അഭിപ്രായപ്പെട്ടു. ഇന്ത്യയിലേതെന്നത് പോലെ ഈ ലോകത്തിലെ തന്നെ ജനങ്ങളുടെ ജീവനും ഉപജീവനത്തിനും കോട്ടം തട്ടാതെ സംരക്ഷണം നല്‍കുക എന്നതാണ് തങ്ങള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അവര്‍ വ്യക്തമാക്കി.
വാക്‌സിനുകള്‍ക്ക് പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, അവയ്ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള കഴിവുമുണ്ട്. അതിന് ആഗോള സാമ്പത്തിക രംഗത്തെ സാധാരണ ഗതിയിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് രാജ്യം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇനി ഇവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന ഗുണമേന്മയോടും സുരക്ഷയോടും കൂടിയുള്ള വാക്‌സിന്റെ ഉല്‍പ്പാദനത്തിനും വിതരണത്തിലുമാണ് തങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നത്.
ജനങ്ങളിലേക്ക് എത്രയും വേഗം വാക്‌സിന്‍ എത്തിക്കുകയെന്നത് തങ്ങളുടെ കര്‍ത്തവ്യമാണ്. അതിനായുള്ള അക്ഷീണ പരിശ്രമത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുകയെന്നത് എത്രത്തോളം പ്രധാന്യമേറിയതും ജാഗ്രതയാവശ്യമുള്ളതുമായൊന്നാണെന്നതില്‍ തങ്ങള്‍ ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഷീല്‍ഡ്, ഫൈസര്‍, മൊഡേണ എന്നിവയാണ് ഫലപ്രാപ്തിയുള്ള വാക്‌സിനുകളെന്നും മറ്റുള്ളവയെല്ലാം പച്ചവെള്ളമാണെന്നും കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മാതാക്കളായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊവാക്‌സിന്‍ നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു. 200 ശതമാനവും ക്ലിനിക്കല്‍ പരീക്ഷണം നടത്തിയ വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യന്‍ കമ്പനിയായതിന്റെ പേരിലാണ് തങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതെന്നുമായിരുന്നു ഭാരത് ബയോടെക്കിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സംയുക്ത പ്രസ്താവനയുമായി രണ്ട് കമ്പനികളും രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കൊവാക്‌സിനും രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും സംയുക്തമായി വികസിപ്പിക്കുന്ന വാക്‌സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ്. അതേസമയം പൂര്‍ണ്ണമായും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാകിസിനാണ് കൊവാക്‌സിന്‍.