
കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിന് രണ്ടാം പിണറായി മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാത്തതിനുപിന്നില്‍ സഹോദരിയുടെ ഇടപെടലാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ബാലകൃഷ്ണപിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ധരിപ്പിക്കാന്‍ ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടിരുന്നുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ ഗണേഷ് തിരിമറി കാണിച്ചുവെന്ന് സൂചിപ്പിച്ച് ഉഷ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും സമീപിച്ചെന്നാണ് വിവരം.
ഗണേഷ് കുമാറിനെതിരായ തന്റെ ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനായി വ്യക്തമായ തെളിവുകളുമായാണ് ഉഷ ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ സമീപിച്ചതെന്നാണ് വിവരം. വിവാദ സോളാര്‍ സംരഭകയും ഗണേഷ് കുമാറുമായുള്ള ബന്ധത്തെക്കുറിച്ചും സഹോദരി മുഖ്യമന്ത്രിയോട് സൂചിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ ആരോപണങ്ങളും തെളിവുകളും സിപിഐഎമ്മിനെ പുനരാലോചിക്കാന്‍ പ്രേരിപ്പിച്ചെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാകുമെന്നാണ് തീരുമാനമായിരുന്നത്. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാകുമെന്നും ഇന്നലെതന്നെ തീരുമാനമായിരുന്നു. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.