
ഹൈദരബാദ്: ഹൈദരാബാദില്‍ പതിനെട്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി അറസ്റ്റില്‍. ഹൈദരബാദ് പൊലീസാണ് 45കാരനായ എം രാമുലു എന്ന കുപ്രസിദ്ധ കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന പ്രതി ജയിലില്‍ നിന്ന് രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. പിന്നീട് ഹൈദരാബാദ് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് ഇയാള്‍ ഇതുവരെ പതിനെട്ട് സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
2011ലാണ് പൊലീസ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇയാളുടെ മനോനിലതെറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും രക്ഷപെടുകയുമായിരുന്നു.
സ്ത്രീകള്‍ക്ക് മദ്യവും മറ്റും നല്‍കി സ്വാധീനിച്ച ശേഷം അവരെ കൊലപ്പെടുത്തി സ്വര്‍ണ്ണവുമായി കടന്നുകളയുന്നതായിരുന്നു രാമുലുവിന്റെ കൊലപാതക രീതിയെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറഞ്ഞു. 21മത്തെ വയസ്സിലാണ് രാമുലു വിവാഹം കഴിക്കുന്നത്. എന്നാല്‍ ഭാര്യ ഇയാളെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പം പോയതാണ് ഇദ്ദേഹത്തിന്റെ മനോനില തെറ്റാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു.
ഈ വര്‍ഷം തന്റെ ഭാര്യ വെങ്കടമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ പരാതിയുമായി ഹൈദരാബാദ് പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെങ്കടമ്മയെ അടുത്തുള്ള ഗ്രാമത്തിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലിയില്‍ കണ്ടെത്തുകയായിരുന്നു. കേസന്വേഷിച്ച പൊലീസ് വെങ്കടമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും കൊലപാതക രീതി രാമുലുവുന്റേതിന് സമാനമാണെന്ന് തിരിച്ചറിയുകയും ചെയ്തു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി രാമുലു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.
- TAGS:
- Hyderabad
- Serial Killer