Top

നിലവില്‍ വാക്‌സിന്‍ എടുത്തവരും പൂര്‍ണ സുരക്ഷിതരല്ലെന്ന് മുഖ്യമന്ത്രി; ‘ഓരോരുത്തരും സെല്‍ഫ് ലോക്ഡൗണിലേക്ക് പോകണം’

വലിയ ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതു വരെ വാക്‌സിന്‍ എടുത്തവര്‍ പോലും പൂര്‍ണ സുരക്ഷിതരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ വേണ്ട എന്നു കരുതുന്നത് ഈ സമൂഹത്തിന്റെ പൗരബോധത്തിലുള്ള വിശ്വാസം കൊണ്ടുകൂടിയാണ്. അതുകൊണ്ട് സര്‍ക്കാര്‍ പറയുന്നത് സെല്‍ഫ് ലോക്ഡൗണ്‍ എന്ന ആശയമാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേയ്ക്ക് പോകേണ്ട സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ”മാസ്‌കുകള്‍ ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്തു പോകില്ലെന്നും, ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുമെന്നും, ആഘോഷങ്ങള്‍ മാറ്റി വയ്ക്കുമെന്നും, യാത്രകള്‍ ഒഴിവാക്കുമെന്നും, അടഞ്ഞ […]

29 April 2021 8:07 AM GMT

നിലവില്‍ വാക്‌സിന്‍ എടുത്തവരും പൂര്‍ണ സുരക്ഷിതരല്ലെന്ന് മുഖ്യമന്ത്രി; ‘ഓരോരുത്തരും സെല്‍ഫ് ലോക്ഡൗണിലേക്ക് പോകണം’
X

വലിയ ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതു വരെ വാക്‌സിന്‍ എടുത്തവര്‍ പോലും പൂര്‍ണ സുരക്ഷിതരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ വേണ്ട എന്നു കരുതുന്നത് ഈ സമൂഹത്തിന്റെ പൗരബോധത്തിലുള്ള വിശ്വാസം കൊണ്ടുകൂടിയാണ്. അതുകൊണ്ട് സര്‍ക്കാര്‍ പറയുന്നത് സെല്‍ഫ് ലോക്ഡൗണ്‍ എന്ന ആശയമാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേയ്ക്ക് പോകേണ്ട സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

”മാസ്‌കുകള്‍ ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്തു പോകില്ലെന്നും, ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുമെന്നും, ആഘോഷങ്ങള്‍ മാറ്റി വയ്ക്കുമെന്നും, യാത്രകള്‍ ഒഴിവാക്കുമെന്നും, അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകില്ലെന്നും, ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യുമെന്നും, രോഗിയുമായി കോണ്ടാക്റ്റ് ഉണ്ടായാല്‍ തന്നെ ഐസൊലേഷന്‍ കൃത്യമായി പാലിക്കുമെന്നും നമ്മള്‍ തീരുമാനിച്ചേ തീരൂ. ജീവനോപാധികള്‍ തകരാതെ നോക്കുകയും നമ്മുടെയും ചുറ്റുമുള്ളവരുടേയും ജീവനുകള്‍ സംരക്ഷിക്കുകയും വേണം. ആ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വിട്ടു വീഴ്ച പാടില്ല. ”നമ്മള്‍ സ്വയം ലോക്ഡൗണിലാണ് എന്ന് തീരുമാനിച്ചുകൊണ്ട് പോകേണ്ട നാളുകളാണ് മുന്‍പിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

”രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ സാഹചര്യവും മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും നമ്മുടെ സമൂഹത്തിലും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അത് നമ്മുടെ സമൂഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. കഴിഞ്ഞ കോവിഡ് തരംഗത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ആ ഘട്ടത്തില്‍ മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന ക്യാമ്പെയ്‌ന് അനുസ്യൂതം തുടര്‍ന്നു വരികയായിരുന്നു. രോഗികളെ നേരിട്ട് ബന്ധപ്പെട്ട് അവരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ വേണ്ട സഹായങ്ങള്‍ ഈ പദ്ധതി വഴി നല്‍കി വരികയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആ സേവനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിന്റെ ഭാഗമായി ഇന്നലെ മാത്രം 34700 രോഗികളെയാണ് വിളിച്ചത്. അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അതിനാവശ്യമായ പരിഹാരങ്ങള്‍ നല്‍കാന്‍ ആണ് ഈ പദ്ധതി വഴി ശ്രമിക്കുന്നത്. ഭീതി കൂടാതെ, ഫലപ്രദമായി നമുക്ക് ഈ മഹാമാരിയെ മറികടക്കാന്‍ സാധിക്കണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.” ആ ശ്രമത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

”ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തിലുണ്ടായ വര്‍ദ്ധനവ് രോഗവ്യാപനത്തെ തീവ്രമാക്കുന്നു എന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരം രോഗികള്‍ ഉള്ളപ്പോള്‍ ഉണ്ടാകുന്ന മരണങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ പതിനായിരം രോഗികളുള്ളപ്പോള്‍ സംഭവിക്കും. ഈ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്‍കരുതല്‍ ഡബിള്‍ മാസ്‌കിങ്ങ് ആണ്. ഒരു മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് കൂടെ ധരിക്കുന്നത് അണുബാധയേല്‍ക്കുന്നത് വലിയ തോതില്‍ തടയാന്‍ സഹായകരമാണ്. ഓഫീസുകള്‍ക്കുള്ളില്‍ ജോലി ചെയ്യുമ്പോള്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ധരിക്കുക. പറ്റുമെങ്കില്‍ വീടുകളിലും മാസ്‌കുകള്‍ ധരിക്കുക, പ്രത്യേകിച്ച്, പ്രായാധിക്യമുള്ളവരോട് ഇടപഴകുമ്പോള്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും, അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകുന്നതും, സാമൂഹിക അകലം പാലിക്കാതിരിക്കുന്നതുമെല്ലാം രോഗവ്യാപനത്തെ ശക്തമാക്കുമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.”

”ഒന്നാമത്തെ തരംഗത്തില്‍ നിന്നു വ്യത്യസ്തമായി രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന ഒരു പ്രത്യേകത അടുത്ത സമ്പര്‍ക്കത്തിലൂടെ അല്ലാതേയും രോഗം പകരുന്നു എന്നതാണ്. അതിന്റെ അര്‍ഥം രോഗാണു വായുവില്‍ ഒരുപാട് നേരം തങ്ങി നില്‍ക്കുന്നു എന്നോ ഒരുപാടു ദൂരം വായുവിലൂടെ സഞ്ചരിക്കുന്നോ എന്നല്ല. മറിച്ച്, മുന്‍പ് കരുതിയിരുന്നത് വളരെ അടുത്ത ഇടപപെടലിലൂടെ മാത്രമേ പകരുകയുള്ളൂ എന്നായിരുന്നു. പുതിയ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഒരു മുറിക്കുള്ളില്‍ ഇരുന്നാല്‍ തന്നെ ഒരാളില്‍ നിന്നു മറ്റൊരാളിലേയ്ക്ക് പകരാന്‍ പ്രാപ്തമാണ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ക്ക് മനുഷ്യകോശത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിവു കൂടുതലാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ടെസ്റ്റിംഗ് കേന്ദ്രങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. രോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള ആളുകള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടുതലായി വരുന്നുണ്ട് എന്നുള്ളത് കണക്കിലെടുക്കണം. വാക്‌സിന്‍ വഴി ലഭിക്കുന്ന സംരക്ഷണം വാക്‌സിന്‍ എടുത്ത് കുറേ ദിവസങ്ങള്‍ കഴിഞ്ഞാകും ലഭിക്കുക. അതുകൊണ്ട്, വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിരക്കു കൂട്ടി രോഗം പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.”

ഹോം ഐസൊലേഷന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കൊവിഡ് ബാധിതര്‍ അതത് മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ട ശേഷം അവരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ ആശുപത്രികളിലേക്ക് ചികില്‍സ തേടിപ്പോകാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

”ആശുപത്രികളിലെ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും അനാവശ്യമായ തിരക്ക് ഒഴിവാക്കാനുമാണിത്. വിവിധ ആശുപത്രികളിലെ കൊവിഡ് രോഗികളുടെ പ്രവേശനം ഏകോപിപ്പിക്കുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. ഇതോടൊപ്പം കണ്‍ട്രോള്‍ള്‍ റൂം സംവിധാനവും ഉണ്ടാകും. കാസര്‍കോഡ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന 17 പോയിന്റുകളിലൂടെ കടന്നു വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കും. ഇതൊക്കെ ജില്ലാ തലത്തില്‍ സവിശേഷമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി എടുക്കുന്ന നടപടികളാണ്.” പൊതുവായ നടപടികള്‍ക്ക് പുറമെയുള്ള ഇത്തരം ഇടപെടലുകളിലൂടെയുമാണ് സമഗ്രമായ കോവിഡ് പ്രതിരോധം സാധ്യമാകാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

”രോഗലക്ഷണങ്ങളില്ലാത്തവരെ 10 ദിവസങ്ങള്‍ക്കു മുന്‍പ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന തീരുമാനം കൈക്കൊണ്ടതിന്റെ ഭാഗമായി ചില ജില്ലകളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവു വന്നതായി കാണാന്‍ സാധിക്കും. അതു രോഗവ്യാപനത്തില്‍ വന്ന കുറവായി തെറ്റിദ്ധരിക്കേണ്ടതില്ല. രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്ന ഈ ഘട്ടത്തില്‍, ആശുപത്രിയിലെ സൗകര്യങ്ങള്‍ ഗുരുതരമായ രോഗാവസ്ഥ നേരിടുന്നവര്‍ക്ക് ലഭ്യമാകുമെന്നു ഉറപ്പുവരുത്താനുള്ള മുന്‍കരുതലാണത്. രോഗവ്യാപനം ശക്തമായിക്കൊണ്ടിരിക്കുക തന്നെയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Next Story