ബിജെപി നേതാവിന്റെ കാര്‍ തടഞ്ഞു; ഹരിയാനയില്‍ നൂറ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകേസ്
ചണ്ഡീഗഡ്: ഹരിയാനയില്‍ നൂറ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ഹരിയാന ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ റണ്‍ബീര്‍ ഗഗ്വയുടെ ഔദ്യോഗിക വാഹനം ആക്രമിച്ചെന്നാരോപിച്ചാണ് കര്‍ഷക നേതാക്കള്‍ ഉള്‍പ്പടെ 100 പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാരിനെതിരെ സമരം നടത്തുകയായിരുന്നു കര്‍ഷകര്‍. ജൂലൈ 11 ന് ഹരിയാനയിലെ സിസ്ര ജില്ലയില്‍ വെച്ചായിരുന്നു സംഭവം. വധശ്രമത്തിനുള്‍പ്പെടെയുള്ളവര്‍ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിംഗ്, പ്രഹ്ലാദ് […]
15 July 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ നൂറ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ഹരിയാന ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ റണ്‍ബീര്‍ ഗഗ്വയുടെ ഔദ്യോഗിക വാഹനം ആക്രമിച്ചെന്നാരോപിച്ചാണ് കര്‍ഷക നേതാക്കള്‍ ഉള്‍പ്പടെ 100 പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാരിനെതിരെ സമരം നടത്തുകയായിരുന്നു കര്‍ഷകര്‍. ജൂലൈ 11 ന് ഹരിയാനയിലെ സിസ്ര ജില്ലയില്‍ വെച്ചായിരുന്നു സംഭവം.
വധശ്രമത്തിനുള്‍പ്പെടെയുള്ളവര്‍ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിംഗ്, പ്രഹ്ലാദ് സിംഗ് എന്നിവരും ഈ നൂറുപേരില്‍ ഉള്‍പ്പെടുന്നു. അതേസമയം, വ്യാജവും നിസാരവുമായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയിരിക്കുന്നതെന്നും കര്‍ഷക വിരുദ്ധ ബിജെപി സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണിതിന് പിന്നിലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചു. കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.
രാജ്യദ്രോഹകുറ്റത്തിലെ ദുരുപയോഗം സംബന്ധിച്ച് സുപ്രിംകോടതി ആശങ്ക രേഖപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹരിയാനയില്‍ നിന്ന് കര്‍ഷകര്‍ക്കെതിരായ നീക്കത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്.
സ്വാതന്ത്ര സമരത്തെയും സമരപോരാളികളായ മഹാത്മാഗാന്ധി അടക്കമുള്ളവരെയും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണ് ഇന്നും രാജ്യത്തെ പൗരന്മാര്‍ക്കുമേല്‍ ചുമത്തപ്പെടുന്നത്. എതിര്‍ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ 1870 കാലത്ത് കൊണ്ടുവന്ന ഈ കൊളോണിയല്‍ നിയമം 75 വര്‍ഷത്തിനിപ്പുറവും നിലനില്‍ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വാക്കുകള്‍.
ഒരു മരം മുറിക്കാന്‍ നിയോഗിക്കപ്പെട്ട മരംവെട്ടുകാരന്‍ ഒരു കാട് തന്നെ ഇല്ലാതാക്കുന്നതിന് തുല്യമായ ശേഷിയാണ് ഈ നിയമത്തിന്റേത്. ഒരു ഭരണകൂടത്തിനോ പ്രത്യേക പാര്‍ട്ടിക്കോ എതെങ്കിലും ഒരു വിഭാഗത്തിന്റെ ശബ്ദം അടിച്ചമര്‍ത്തണമെന്നുണ്ടെങ്കില് ഈ നിയമം പ്രയോഗിക്കാമെന്നതാണ് അവസ്ഥ. ഭരണകൂടത്തിന് ഇഷ്ടമല്ലാത്തത് പറഞ്ഞാല്‍ രാജ്യദ്രോഹകുറ്റം ചുമത്താം. ഇത് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഒരുപോലെ ഭീഷണിയാണ്. ഇത്തരമൊരു പ്രാകൃത നിയമം ഇനിയും തുടരേണ്ടതുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
രാജ്യദ്രോഹകുറ്റത്തിന്റെ അവ്യക്തതയും അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റവും ചൂണ്ടിക്കാട്ടി മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ എസ് ജി വോംബാത്കെരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശങ്ങള്‍.