Top

നിരോധനാജ്ഞ നിലവില്‍; പൊതു ഗതാഗതം മുടങ്ങില്ല, പരീക്ഷകള്‍, കല്ല്യാണങ്ങള്‍ ഇനി ഇങ്ങനെ

സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കി.

3 Oct 2020 12:03 AM GMT

നിരോധനാജ്ഞ നിലവില്‍; പൊതു ഗതാഗതം മുടങ്ങില്ല, പരീക്ഷകള്‍, കല്ല്യാണങ്ങള്‍ ഇനി ഇങ്ങനെ
X

സംസ്ഥാനത്ത് ഇന്നു മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദിനംതോറും വര്‍ദ്ധിച്ചു വരുന്ന കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. ജില്ലകളില്‍ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കി.

ഇതുപ്രകാരം പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആള്‍ക്കൂട്ടങ്ങള്‍ പാടില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവ തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസങ്ങളില്ല. മുന്‍പ് പ്രഖ്യാപിച്ച പരീക്ഷകള്‍ നടക്കും.വിവാഹങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ശവസംസ്‌കാരത്തിനു 20 പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്. സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ക്ക് 20 പേര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മതപരമായ ഒത്തുചേരലുകള്‍ക്കും 20 പേര്‍ക്ക് ഒന്നിക്കാം.

പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും പൊലീസും അതീവജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലായ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കടകളില്‍ സാമൂഹ്യഅകലം പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും കളക്ടര്‍മാര്‍ വ്യക്തമാക്കി.

Next Story