Top

‘സഗൗരവം, ദൈവനാമം, അല്ലാഹുവിന്റെ നാമം’; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇങ്ങനെ

മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ഭൂരിപക്ഷം സിപിഐഎം മന്ത്രിമാരും സിപിഐ മന്ത്രിമാരും ‘സഗൗരവ’മാണ് സത്യവാചകം ഏറ്റുചൊല്ലിയത്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ വീണാ ജോര്‍ജ് ഇതില്‍ നിന്ന് വ്യത്യസ്തമായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

20 May 2021 6:26 AM GMT

‘സഗൗരവം, ദൈവനാമം, അല്ലാഹുവിന്റെ നാമം’; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇങ്ങനെ
X

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മെയ് 20 -ന് മൂന്ന് മണിമുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എല്ലാ മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരത്തിലേറി.

മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ഭൂരിപക്ഷം സിപിഐഎം മന്ത്രിമാരും സിപിഐ മന്ത്രിമാരും ‘സഗൗരവ’മാണ് സത്യവാചകം ഏറ്റുചൊല്ലിയത്. ആരോഗ്യമന്ത്രിയായി ചുമതലയേറ്റ വീണാ ജോര്‍ജ് ഇതില്‍ നിന്ന് വ്യത്യസ്തമായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഘടകകക്ഷികളില്‍ എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ ഒഴികെ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എ കെ ശശീന്ദ്രന്‍ സഗൗരവം സത്യവാചകം ഏറ്റുചൊല്ലിയപ്പോള്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് ന്യൂനപക്ഷ ക്ഷേമം പ്രവാസി കാര്യം, ഹജ്ജ് വകുപ്പ് മന്ത്രി പദത്തിലേക്കുന്ന വി അബ്ദുറഹ്മാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തില്‍ ആണ് സത്യവാചകം ചൊല്ലിയത്.

Also Read: ജനകീയസര്‍ക്കാരിന്റെ തുടര്‍യാത്രയ്ക്കു തുടക്കം; അധികാരമേറ്റ് മുഖ്യമന്ത്രിയും മന്ത്രിമാരും, ചിത്രങ്ങള്‍

സിപിഐഎം

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭയിലെ രണ്ടാമനായി കണക്കാക്കപ്പെടുന്ന തദ്ദേശ, എക്‌സൈസ് മന്ത്രി എം ഗോവിന്ദന്‍ മാസ്റ്റര്‍, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ദേവസ്വം, പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു, നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടി പിണറായി മന്ത്രിസഭയില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രിയായി ചുമതലയേറ്റ വി ശിവന്‍കുട്ടി എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ഏറ്റുചൊല്ലി.

ഒപ്പം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, കെ കെ ശൈലജയില്‍ നിന്ന് ആരോഗ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന വീണാ ജോര്‍ജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

സിപിഐ

പ്രധാന ഘടകകക്ഷിയായ സിപിഐയുടെ മന്ത്രിമാരും ‘സഗൗരവം’ ആണ് സത്യവാചകം ഏറ്റുചൊല്ലിയത്. പേരിന്റെ ക്രമത്തില്‍ മുഖ്യമന്ത്രിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത റവന്യൂ മന്ത്രി കെ രാജന്‍ മുതല്‍ കെ ആര്‍ ഗൗരിയമ്മയ്ക്ക് ശേഷം 60 വര്‍ഷങ്ങള്‍ക്കിപ്പുറം സിപിഐ മന്ത്രിയാകുന്ന ക്ഷീരവകുപ്പ്, മൃഗസംരക്ഷണം വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും സിപിഐയുടെ യുവമന്ത്രിയായ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് എന്നിവരും ചുമതലയേറ്റത് സഗൗരവം സത്യവാചകം എറ്റുചൊല്ലിയാണ്.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക മന്ത്രിയായ റോഷി അഗസ്റ്റിന്‍ ദൈവനാമത്തിലാണ് ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

എന്‍സിപി

വനം മന്തിയായി സ്ഥാനമേറ്റ മുതിര്‍ന്ന എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ സഗൗരവം സത്യവാചകം ഏറ്റുചൊല്ലി.

ഐഎന്‍എല്‍

ഇരുപത് വര്‍ഷം ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയായിരുന്നതിന് ശേഷം ഒടുവില്‍ മന്ത്രിസ്ഥാനം ലഭിച്ച ഐഎന്‍എല്ലിന്റെ ഏക മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയായാണ് അഹമ്മദ് ദേവര്‍ കോവില്‍ സത്യ പ്രതിജ്ഞ ചെയ്തത്.

ജനാധിപത്യ കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അഭിമാന പോരാട്ടത്തില്‍ വിജയം കൈവരിച്ച ജെകെസിയുടെ ഏക മന്ത്രി ആന്റണി രാജു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ജനതാദള്‍ എസ്

എംഎം മണിയില്‍ നിന്ന് വൈദ്യുത വകുപ്പ് ഏറ്റെടുക്കുന്ന ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

Also Read: സത്യപ്രതിജ്ഞ ചടങ്ങ് ടിവിയില്‍ കണ്ട് ചെന്നിത്തല; മുഖ്യമന്ത്രിയുടെ സത്യവാചകം തിരുത്തി

Next Story