Top

സത്യപ്രതിജ്ഞയിലെ ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; രണ്ടാം സിറ്റിംഗില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി

തൃശ്ശൂരിലെ ചികിത്സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ ജെ പ്രിന്‍സ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

19 May 2021 4:51 AM GMT

സത്യപ്രതിജ്ഞയിലെ ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; രണ്ടാം സിറ്റിംഗില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി
X

കൊച്ചി: കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. സത്യപ്രതിജ്ഞ ചടങ്ങില്‍ ആള്‍ക്കൂട്ടം കുറയ്ക്കുന്നതാണ് ഉചിതമെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇതിനായി ചേര്‍ന്ന രണ്ടാം സിറ്റിംഗില്‍ നിന്ന് ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി. 1. 45 ന് ഓണ്‍ലൈന്‍ സിറ്റിംഗ് പുനരാരംഭിച്ചപ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കുന്നതായി അറിയിപ്പ് നല്‍കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലെ ആള്‍ക്കൂട്ടത്തിനെതിരെ തൃശ്ശൂരിലെ ചികിത്സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ ജെ പ്രിന്‍സ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

സത്യപ്രതിജ്ഞ കൊവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ചടങ്ങില്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതു സംബധന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്ത നിവാരണ അേതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാന്‍ കോടതി സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്നിവര്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നല്‍കിയ കത്തും കോടതിയുടെ പരിഗണയിലുണ്ട്.

Also Read: ‘യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനം, കോണ്‍ഗ്രസ് ആള്‍ക്കൂട്ടം’; തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

അതേസമയം, നാളെ നടക്കാനിരിക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ചടങ്ങ് സംബന്ധിച്ച് നിര്‍ദേശങ്ങളും സജ്ജീകരണങ്ങളും അടങ്ങുന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തുവിട്ടുണ്ട്. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്ബ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്ബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം.

ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിരത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ക്ഷണക്കത്തിനൊപ്പം ഗേറ്റ്പാസും കാര്‍ പാസും ഉള്ളടക്കം ചെയ്തിട്ടുണ്ട്.

കാര്‍പാര്‍ക്കിംഗ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്ബസ്, സെക്രട്ടറിയേറ്റ് അനക്‌സ്-രണ്ട് മന്ദിരം, കേരള സര്‍വകലാശാല കാമ്ബസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും കൊവിഡ്- 19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Also read: ‘സമര്‍ത്ഥരുണ്ടായിരുന്നു, പക്ഷെ മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മറ്റാരുമുണ്ടായിരുന്നില്ല’; കെകെ ശൈലജയെ ഒഴിവാക്കിയതിനെതിരെ സച്ചിദാനന്ദന്‍

Next Story