പ്രളയഫണ്ട് തട്ടിപ്പ്: ജനങ്ങള്‍ക്കിടയില്‍ ലീഗിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് എസ്ഡിപിഐ
11 ലക്ഷം രൂപയില്‍ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കള്‍ സ്വന്തം ബന്ധുക്കള്‍ക്കാണ് നല്‍കിയതെന്ന ആരോപണത്തിന് ലീഗ് മറുപടി പറയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
13 Jun 2021 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രളയഫണ്ട് തിരിമറി വിവാദത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്ഡിപിഐ. വിവാദത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ലീഗിനുണ്ടായിരുന്ന വിശ്വാസ്യത നഷ്ടമായെന്ന് എസ്ഡിപിഐ വിമര്‍ശിച്ചു. 2018ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വിതരണം ചെയ്യാനായി ലീഗ് സംസ്ഥാന കമ്മിറ്റി നല്‍കിയ 11.5 ലക്ഷം രൂപ പ്രാദേശിക നേതാക്കള്‍ വകമാറ്റിയെന്ന വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് എസ്ഡിപിഐ പറഞ്ഞു.
പ്രളയഫണ്ട് തട്ടിപ്പിനെ തുടര്‍ന്ന് ലീഗിന് പൊതുസമൂഹത്തിലുണ്ടായിരുന്ന അംഗീകാരം നഷ്ടമായെന്ന് എസ്ഡിപിഐ പറയുന്നു. 11 ലക്ഷം രൂപയില്‍ ഏഴ് ലക്ഷവും പ്രാദേശിക നേതാക്കള്‍ സ്വന്തം ബന്ധുക്കള്‍ക്കാണ് നല്‍കിയതെന്ന ആരോപണത്തിന് ലീഗ് മറുപടി പറയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനായി സമാഹരിച്ച തുകയില്‍ യൂത്ത് ലീഗ് തിരിമറി നടത്തിയെന്ന് മുന്‍പ് ആരോപണം ഉണ്ടായിരുന്നു. അതിന് പിന്നാലെ പ്രളയ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെയാണ് പരസ്യമായ എതിര്‍പ്പുമായി എസ്ഡിപിഐ രംഗത്തെത്തിയത്. യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം തന്നെയാണ് കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്.
- TAGS:
- Fund Fraud
- Muslim League
- SDPI