Top

ആർത്തവകാല ഉൽപ്പന്നങ്ങൾ ഇനി മുതൽ സൗജന്യം; ചരിത്രം കുറിച്ച് സ്കോട്ട്‌ലൻഡ്

ഏകകണ്ഠമായാണ് ഈ നിയമനിർമ്മാണത്തിനുള്ള വോട്ടെടുപ്പ് നടന്നത്. ഇതോടെ ആർത്തവകാല പരിചരണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സ്കോട്ട്‌ലൻഡ്.

25 Nov 2020 11:50 PM GMT

ആർത്തവകാല ഉൽപ്പന്നങ്ങൾ ഇനി മുതൽ സൗജന്യം; ചരിത്രം കുറിച്ച് സ്കോട്ട്‌ലൻഡ്
X

ആർത്തവകാല സംരക്ഷണത്തിന് സൗജന്യമായി ഉൽപ്പന്നങ്ങൾ ലഭ്യമാക്കി സ്കോട്ട്‌ലൻഡ്. ഇതിന് വേണ്ടിയുള്ള ഒരു പ്രധാന നിയമനിർമ്മാണത്തിനാണ് കഴിഞ്ഞ ദിവസം സ്കോട്ടിഷ് പാർലമെന്റ് അംഗങ്ങൾ അംഗീകാരം നൽകിയത്. ഏകകണ്ഠമായാണ് ഈ നിയമനിർമ്മാണത്തിനുള്ള വോട്ടെടുപ്പ് നടന്നത്. ഇതോടെ ആർത്തവകാല പരിചരണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സ്കോട്ട്‌ലൻഡ്.

ആർത്തവകാല പ്രതിസന്ധികളുമായ് ബന്ധപ്പെട്ട് ലോകമെങ്ങും നടക്കുന്ന ആഗോള പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ വളരെ പ്രധാനപെട്ടതാണ് സ്കോട്ട്‌ലൻഡിന്റെ ഈ നീക്കം. ഇതോടുകൂടി സ്കോട്ട്‌ലൻഡിലുടനീളം സ്കൂളുകളും സർവകലാശാലകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ആർത്തവ സംരക്ഷണത്തിനായുള്ള ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാകും.

“സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആയി ഒരു പ്രധാന നയം. ഈ നിയമനിർമ്മാണത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. ആവശ്യമുള്ള എല്ലാവർക്കും സൗജന്യമായി ആർത്തവകാല ഉൽ‌പ്പന്നങ്ങൾ നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്കോട്ട്‌ലൻഡ് മാറുന്നു.” സ്കോട്ട്ലൻഡ് പ്രധാനമന്ത്രി നിക്കോള സ്റ്റർജിയൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

‘ആവശ്യക്കാർക്കുതകും വിധത്തിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നത് തദ്ദേശ ഭരണാധികാരികളുടെ നിയമപരമായ കടമയാണ്. തൊഴിലാളി സംഘടനകൾ, വനിതാ സംഘടനകൾ, ജീവകാരുണ്യ പ്രവർത്തകർ എന്നിവയുൾപ്പെടെയുള്ള വിശാലമായ ഒരു സഖ്യമാണ് ഈ പ്രചാരണത്തിന് പിന്തുണ നൽകിയിട്ടുള്ളത് ‘, ഈ വിഷയത്തിൽ നിയമസഭാംഗമായ മോണിക്ക ലെനൻ സൂചിപ്പിച്ചു .

Next Story