Top

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ആദിവാസികള്‍ക്കും ഭൂമി’; ഓരോ കുടുബത്തിനും നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന് കെ രാധാകൃഷ്ണന്‍

പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുഴുവനും വിതരണം ചെയ്യാനുള്ള ഭൂമി ഇല്ലെങ്കിലും അവര്‍ക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്താന്‍ സര്‍ക്കാരും ഇടപെടലുകള്‍ നടത്തുമെന്ന് കെ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കി.

3 Jun 2021 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ആദിവാസികള്‍ക്കും ഭൂമി’; ഓരോ കുടുബത്തിനും നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന് കെ രാധാകൃഷ്ണന്‍
X

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ആദിവാസികള്‍ക്കും ഭൂമി ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഓരേ ആദിവാസി കുടുംബത്തിനും എത്ര ഭൂമിയാണോ നഷ്ടപ്പെട്ടത് അത്ര തന്നെ ഭൂമി അവര്‍ക്കായി മടക്കി നല്‍കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊപ്പം ആദിവാസി വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ട്രൂ കോപ്പി തിങ്ക് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുഴുവനും വിതരണം ചെയ്യാനുള്ള ഭൂമി ഇല്ലെങ്കിലും അവര്‍ക്ക് വീട് വെക്കാനുള്ള ഭൂമി കണ്ടെത്താന്‍ സര്‍ക്കാരും ഇടപെടലുകള്‍ നടത്തുമെന്ന് കെ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കി. ഭൂമിയുടെ ഉടമസ്ഥതയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരേയും ഭൂമിയുടെ ഉടമകളാക്കി മാറ്റണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. പല കാരണങ്ങള്‍ കൊണ്ടും പിന്നാമ്പുറത്ത് നിര്‍ത്തപ്പെട്ടവരാണ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ ആദിവാസി വര്‍ഗ്ഗങ്ങള്‍. അവരെ ചൂഷണം ചെയ്തുകൊണ്ട് വന്ന ചില വര്‍ഗ്ഗങ്ങള്‍ ഭൂമി അവരുടെ കൈക്കലാക്കി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത കൂടി സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ സ്ഥലം കൊടുക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണ പ്രതിപക്ഷ സഹകരണത്തോടെ ആദിവാസികളുടെ ഭൂവിതരണത്തിനുള്ള നിയമം കൊണ്ടുവന്നത്. എന്നാല്‍ നിയമം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രി പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഭൂവിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാകത്തിലുള്ള ഒരു അന്തരീക്ഷം നിലവിലുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവന്നതായി മന്ത്രി വ്യക്തമാക്കി.

Next Story