
ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി. കുടുംബത്തിന് പിന്നാലെ സാക്ഷികള്‍ക്കും സുരക്ഷ നല്‍കാന്‍ അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫിനെ ചുമതലപ്പെടുത്തി.
കേസില്‍ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ഉത്തര്‍പ്രദേശിന് പുറത്ത് വിചാരണ നടത്തണം എന്ന ആവശ്യം കോടതി അനുവദിച്ചില്ല. അതിന് പകരം സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കുകയാണ് ചെയ്തത്.
പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ് സി, എസ് ടി അധിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഐആര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.
സെപ്തംബര്‍ 14നാണ് ഹാത്രസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് മാരക മുറിവുകളോടെ പെണ്‍കുട്ടിയെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സെപ്തംബര്‍ 29തോടെ വിഷയം രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് ഉയരുകയായിരുന്നു.
യുപി പൊലീസ് അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് ഹാത്രസിലെത്തിച്ച് പുലര്‍ച്ചെ തന്നെ അടക്കിയത് വിവാദമായിരുന്നു. മൃതദേഹം അവസാനമായി ഒന്ന് കാണണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസും അധികൃതരും അതിനുള്ള അനുമതി നിഷേധിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങളെ കാണിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു.
യുവതിയുടെ കൊല്ലപാതകത്തിന് ശേഷം കുടുംബത്തിന് നേരെ സവര്‍ണ ജാതിക്കാരുടെ ഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ കുട്ടികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സവര്‍ണ നേതാക്കള്‍ മനീഷ വാത്മീകിയുടെ കുടുംബത്തോട് പറഞ്ഞു. മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദളിത് കുടുംബത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. പ്രതികള്‍ക്കൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തേയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആഴ്ച്ചകളോളം യുപി പൊലീസിന്റെ ബന്ദവസിലായിരുന്നു ഹാത്രസ് യുവതിയുടെ കുടുംബം. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും രാഷ്ട്രീയ നേതാക്കളെ കാണുന്നതില്‍ നിന്നും കുടുംബത്തെ വിലക്കിയിരുന്നു. പൊലീസ് തങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.