ശ്രീശാന്ത് പൊതിരെ തല്ലുവാങ്ങി, അസറുദ്ദീന്‍ പകരം വീട്ടി; മുംബൈക്കെതിരെ കേരളത്തിന് വമ്പന്‍ ജയം

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. മുംബൈ ഉയര്‍ത്തിയ 197 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ വിജയ ശില്‍പ്പി. 54 പന്തില്‍ പുറത്താവാതെ 137 റണ്‍സാണ് അസറൂദ്ദീന്‍ നേടിയത്. പേരുകേട്ട മുംബൈ ബൗളര്‍മാരെ അടിച്ചു പരത്തിയ അസറുദ്ദീനൊപ്പം നായകന്‍ സഞ്ജു സാസംണും (12 പന്തില്‍ 22 റണ്‍സ്), റോബിന്‍ ഉത്തപ്പയും (33) കൂടി ചേര്‍ന്നതോടെ കേരളം അനായാസ വിജയം സ്വന്തമാക്കി.

54 പന്തുകള്‍ നേരിട്ട അസറുദ്ദീന്‍ 9 ഫോറുകളും 11 സിക്‌സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്. 253.70 സ്‌ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്. ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് കുല്‍ക്കര്‍ണി, ശിവം ദുബൈ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് നേടിയത്. ജലജ് സക്‌സേനയും കെ എം ആസിഫും കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. അതേസമയം കഴിഞ്ഞ മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച എസ്. ശ്രീശാന്ത് ഇത്തവണ നിരാശപ്പെടുത്തി. നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് ഇത്തവണ വിക്കറ്റൊന്നും ലഭിച്ചില്ല. ഒരു ഘട്ടത്തില്‍ മുംബൈ സ്‌കോര്‍ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ആസിഫ് കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു.

Latest News