കേരളത്തെ ക്വാര്‍ട്ടറിലെത്തിക്കാന്‍ ശ്രീശാന്തിനും സഞ്ജുവിനും കഴിയുമോ? എതിരാളികള്‍ ശക്തരായ ഹരിയാന
സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നാളെ കേരളം ഹരിയാനയെ നേരിടും. ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഹരിയാനയെ മികച്ച റണ്‍റേറ്റിന് പരാജയപ്പെടുത്തണം. ശക്തരായ ഹരിയാനയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമുകളും വിജയിച്ച് കഴിഞ്ഞു. 0.995ആണ് ഹരിയാനയുടെ റണ്‍നിരക്ക്. 0.617 റണ്‍നിരക്കാണ് രണ്ടാം സ്ഥാനക്കാരായ കേരളത്തിനുള്ളത്. വലിയ മാര്‍ജിന്‍ ഹരിയാനയെ വീഴ്ത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമാവും. നായകന് സഞ്ജു സാംസണും മുതിര്‍ന്ന താരം എസ് ശ്രീശാന്തിന്റെയും പ്രകടനം നിര്‍ണായകമാണ്. ആന്ധ്രക്കെതിരായ മത്സരത്തില്‍ […]

സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നാളെ കേരളം ഹരിയാനയെ നേരിടും. ക്വാര്‍ട്ടറിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഹരിയാനയെ മികച്ച റണ്‍റേറ്റിന് പരാജയപ്പെടുത്തണം. ശക്തരായ ഹരിയാനയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമുകളും വിജയിച്ച് കഴിഞ്ഞു. 0.995ആണ് ഹരിയാനയുടെ റണ്‍നിരക്ക്. 0.617 റണ്‍നിരക്കാണ് രണ്ടാം സ്ഥാനക്കാരായ കേരളത്തിനുള്ളത്. വലിയ മാര്‍ജിന്‍ ഹരിയാനയെ വീഴ്ത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമാവും.
നായകന് സഞ്ജു സാംസണും മുതിര്‍ന്ന താരം എസ് ശ്രീശാന്തിന്റെയും പ്രകടനം നിര്‍ണായകമാണ്. ആന്ധ്രക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയത് കേരളത്തിന് വലിയ ആഘാതമായിട്ടുണ്ട്. അഞ്ച് എലൈറ്റ് ഗ്രൂപ്പിലെയും ഒരു പ്ലേറ്റ് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും എലൈറ്റ് ഗ്രൂപ്പില്‍ ഏറ്റവും മികച്ച റണ്‍നിരക്കുള്ള രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. റണ്‍റേറ്റില്‍ മുന്നേറിയാല്‍ കേരളത്തിന് ആശങ്കയില്ലാതെ അഹമ്മദാബാദില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടാം.
ആന്ധ്രക്കെതിരായ തോല്‍വി വിനയായി
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആദ്യ തോല്‍വിയായിരുന്നു ആന്ധ്രക്കെതിരെ. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര അനായസം മറികടന്നു. 48 റണ്‍സെടുത്ത ഹെബ്ബാറും പുറത്താവാതെ 38 റണ്‍സെടുത്ത നായകന് അമ്പാട്ടി റായിഡുവുമാണ് ആന്ധ്രയുടെ വിജയ ശില്‍പ്പികള്‍.
കഴിഞ്ഞ മത്സരത്തിലെ കേരളാ വിജയശില്‍പ്പി റോബിന് ഉത്തപ്പയും സൂപ്പര്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച ഫോമിലേക്ക് തിരികെയെത്തിയാല്‍ പ്രതീക്ഷയുണ്ട്. എസ് ശ്രീശാന്തും കെ.എം ആസിഫും അടങ്ങുന്ന ബൗളിംഗ് നിരയുടെ പ്രകടനവും നിര്‍ണായകമാണ്. ബേസില്‍ തമ്പി ബൗളിംഗ് പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.
സഞ്ജുവിന്റെ മോശം ഫോം
ഐപിഎല്ലിന്റെ തുടക്കത്തില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷകന് ലഭിച്ചു. എന്നാല്‍ ഓസീസിന്റെ മണ്ണില്‍ തിളങ്ങാന്‍ താരത്തിനായില്ല. പിന്നാലെയാണ് സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നായകന്റെ റോളില്‍ സഞ്ജു തിളങ്ങുമെന്നായിരുന്നു ആരാധക പ്രതീക്ഷ. പക്ഷേ അതുണ്ടായില്ല. നിലവില്‍ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ കേരളം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണത്തിലും സഞ്ജുവിന് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ആന്ധ്രക്കെതിരായ മത്സരത്തില്‍ 7 റണ്‍ മാത്രമാണ് സഞ്ജുവിന് നേടാന്‍ കഴിഞ്ഞത്. ഡല്‍ഹിക്കെതിരെ 10 പന്തില്‍ 16 റണ്‍സ്, മുംബൈക്കെതിരെ 22 റണ്‍സ്. പുതുച്ചേരിക്കെതിരെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. 26 പന്തില്‍ 32 റണ്‍സ്. 3 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു പുതുച്ചേരിക്കെതിരായ ഇന്നിംഗ്സ്. പവര്‍ ഹിറ്റുകളില്‍ കൂടുതല്‍ പരിശീലനം നടത്തിയാണ് സഞ്ജു ഐപിഎല്ലിനിറങ്ങിയത്. തയ്യാറെടുപ്പിന്റെ ഫലം മത്സരങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. അനായാസം സിക്സറുകള്‍ നേടാന്‍ സഞ്ജുവിനെ സഹായകമായതും ഈ തയ്യാറെടുപ്പുകളായിരുന്നു.
സയിദ് മുഷ്താഖ് അലി ടി20യില്‍ ഈ പവര്‍ ഹിറ്റുകള്‍ കൂടുതലായി കാണാന്‍ കഴിയുന്നില്ല. സ്ഥിരതയില്ലാത്ത പ്രകടനത്തിന് നേരത്തെ തന്നെ സഞ്ജു പഴി കേട്ടിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.