
യമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള കഠിനശ്രമങ്ങൾ പുരോഗമിക്കുന്നു. അമ്പത് രാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ പ്രവാസികളുടെ നേതൃത്വത്തിൽ ‘സേവ് നിമിഷപ്രിയ- ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ വഴിയാണ് മോചനശ്രമങ്ങൾ നടന്നു വരുന്നത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി എന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.
70 ലക്ഷം രൂപയാണ് നിമിഷപ്രിയക്ക് മോചനദ്രവ്യമായ് നല്‍കേണ്ടി വരുക. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമാണ് നിമിഷയുടെ മോചനം സാധ്യമാകൂ. ഇതിനായി ഗോത്ര നേതാക്കളെ ഉൾപ്പെടുത്തി കോടതിക്ക് പുറത്ത് ഇന്ന് മധ്യസ്ഥചർച്ച നടത്തും. കൊല്ലപ്പെട്ട തലാലിന്‍റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തുക. ചര്‍ച്ച നടത്തുന്നത് മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കള്‍ വഴിയാണ്.
മോചനദ്രവ്യം സമാഹരിക്കാനുള്ള ശ്രമങ്ങൾ സംഘടന ആരംഭിച്ചിട്ടുണ്ട്. ഇതേ ആവശ്യം മുൻനിർത്തി നിമിഷപ്രിയ ജയിലിൽ നിന്നും മുഖ്യമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്.

‘ഓരോ നിമിഷവും ജീവന് വേണ്ടി പ്രാർത്ഥിച്ചും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെ യാതനകളും, എന്റെ അമ്മയെയെയും കുഞ്ഞിനെയും ഭർത്താവിനെയും ഇനി കാണാൻ കഴിയുമോ എന്ന ആശങ്കകളുമായി ഞാൻ തള്ളിനീക്കുകയാണ്. പ്രസ്തുത തുക സമാഹരിക്കാൻ എന്നെ സഹായിക്കുന്ന ഓരോ പ്രമുഖ വ്യക്തികൾക്കും, ഈ അഭ്യർത്ഥന കേൾക്കുവാൻ സുമനസ്സ് കാണിക്കുന്ന ബഹു.മുഖ്യമന്ത്രിക്കും, കേരള സംസ്ഥാന സർക്കാരിനും, കേന്ദ്ര സർക്കാരിനും അത്യന്തം കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നു.’ നിമിഷയുടെ കത്തിൽ പറയുന്നു.
പ്രസ്തുത സംഘടനക്ക് വേണ്ടുന്ന നിർദേശങ്ങളും സഹായങ്ങളും സർക്കാരിൽ നിന്നും ഉണ്ടാകണം എന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
നിമിഷപ്രിയയെ ജീവനോടെ തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച ആക്ഷൻ കൗൺസിൽ വഴിയാണ് ഈ പ്രവർത്തനങ്ങളുടെ എല്ലാം ഏകോപനം നടക്കുന്നത്. ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൂടാതെ വിദേശകാര്യ വകുപ്പിൽ നിന്നും, വിദേശകാര്യ മന്ത്രി വി മുരളീധരനിൽ നിന്നും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് കൊണ്ടുള്ള സഹായ സഹകരണങ്ങൾ അഭ്യർഥിച്ചിട്ടുമുണ്ട്. ഈ വിഷയത്തിൽ ഒട്ടും വൈകാതെ ഔപചാരികമായ ഒരു ചർച്ചയോ,ഫോൺകോളോ വകുപ്പിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നും ആക്ഷൻ കൗൺസിൽ സൂചിപ്പിക്കുന്നു.
70 ലക്ഷം രൂപ എന്ന മോചനദ്രവ്യത്തിലേക്ക് സ്വമേധയാ സംഭാവന ചെയ്യാൻ തയ്യാറുള്ള ഇന്ത്യക്കാരിൽ നിന്നും സ്വരൂപിക്കുന്ന ധനസഹായം യെമനിലെ ഇന്ത്യൻ എംബസിയിലേക്ക് എത്തിച്ചു കൊടുക്കാനുള്ള സഹായ സഹകരണങ്ങൾ ആണ് സംസ്ഥാന സർക്കാരിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.