Top

മുഴുവന്‍ ദ്വീപ് നിവാസികളേയും അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം; തിങ്കളാഴ്ച്ച 12 മണിക്കൂര്‍ ജനകീയ നിരാഹാരം

ദ്വീപ് നിവാസികളെ എല്ലാവരേയും സമരമുഖത്തെത്തിക്കുന്നതിനായി ഓരേ ദ്വീപുകള്‍ കേന്ദ്രീകരിച്ചും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കാനും തീരുമാനമായിട്ടുണ്ട്.

3 Jun 2021 12:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഴുവന്‍ ദ്വീപ് നിവാസികളേയും അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം; തിങ്കളാഴ്ച്ച 12 മണിക്കൂര്‍ ജനകീയ നിരാഹാരം
X

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച്ച 12 മണിക്കൂര്‍ ജനകീയ നിരാഹാരസമരത്തിലേക്ക് നീങ്ങാനാണ് ഫോറം തീരുമാനിച്ചത്. മുഴുവന്‍ ദ്വീപ് നിവാസികളേയും സമരമുഖത്തെത്തിച്ച് പ്രക്ഷോഭം കടുപ്പിക്കാന്‍ വിവിധ പ്ലാനുകള്‍ സേവ് ലക്ഷദ്വീപ് ഫോറം ആലോചിച്ച് വരികയാണ്. ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരാനും കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. നിരാഹാരസമരത്തിനുശേഷവും അധികൃതരുടെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ കൂടുതല്‍ കടുത്ത പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങാനാണ് സേവ് ലക്ഷദ്വീപ് ഫോറം ആലോചിക്കുന്നത്.

ദ്വീപ് നിവാസികളെ എല്ലാവരേയും സമരമുഖത്തെത്തിക്കുന്നതിനായി ഓരേ ദ്വീപുകള്‍ കേന്ദ്രീകരിച്ചും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തന്നെയായിരിക്കും കമ്മിറ്റികള്‍ രൂപീകരിക്കുക. പിന്നീട് ഈ കമ്മിറ്റികള്‍ വഴി സമരപരിപാടികള്‍ ഏകോപിപ്പിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ പദ്ധതി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിന്റെ വിവാദ നടപടികള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ഇ ശ്രീധരനെ നിയമിക്കാന്‍ ആവശ്യമുയരുന്നുണ്ട്. ലക്ഷദ്വീപ് ബിജെപി ഘടകമാണ് ഇങ്ങനനെയൊരു ആവശ്യം ദേശീയ വൃത്തങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ മുന്നേ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ഇങ്ങനെയൊരു പ്രൊപോസല്‍ വെച്ചിരുന്നു. ഈ കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല.

നമ്മുടെ സംസ്‌കാരവും ഭാഷയും അറിയുന്ന ഒരാള്‍ ആയാല്‍ നല്ലതല്ലേ എന്ന ചിന്തയിലാണ് ഇങ്ങനെ ഒന്ന് മുന്നോട്ട് വെച്ചതെന്നു ലക്ഷദ്വീപ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇ ശ്രീധരന്‍ ഒരു ടെക്‌നോക്രറ്റ് ആയതിനാലും അദ്ദേഹം വന്നാല്‍ ഗുണകരമാവുമെന്ന് ലക്ഷദ്വീപ് ബിജെപിക്ക് പ്രതീക്ഷയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദറും വൈസ് പ്രസിഡന്റ് കെഎന്‍ ഖാസ്മി കോയയും ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ ദ്വീപിലെ ബിജെപി ഘടകത്തില്‍ തന്നെ കടുത്ത അസംതൃപ്തിയും കൂട്ടരാജിയും ഉണ്ടായ സാഹചര്യത്തിലാണ് നീക്കം.

Next Story