Top

'സൗദി സ്കൂളുകളിൽ കുട്ടികൾക്ക് യോ​ഗ പരിശീലനവും'; ഉടനെ നടപ്പാക്കാൻ ശ്രമങ്ങൾ

17 March 2022 11:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി സ്കൂളുകളിൽ കുട്ടികൾക്ക് യോ​ഗ പരിശീലനവും;  ഉടനെ നടപ്പാക്കാൻ ശ്രമങ്ങൾ
X

റിയാദ്: സൗദി അറേബ്യയിലെ സ്കൂ‌ളുകളിൽ യോ​ഗയും കായിക ഇനങ്ങളിൽ ഉൾപ്പെടുത്താൻ നീക്കം. സൗദി യോ​ഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രാജ്യത്തെ സ്കൂളുകളിലെ സ്പോർട്സ് കരിക്കുലത്തിൽ യോ​ഗയും ഉടനെ ഉൾപ്പെടുത്തുമെന്നാണ് ഇവർ വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച സൗദി യോ​ഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി സ്കൂൾ സ്പോർട്സ് ഫെഡറേഷനെ പങ്കെടുപ്പിച്ച് കൊണ്ട് യോ​ഗ അവബോധ ക്ലാസ് നടത്തിയിരുന്നു.

മാർച്ച് ഒമ്പതിന് നടന്ന ഈ പരിപാടിയിൽ യോ​ഗ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട ആവശ്യകതയെ പറ്റി ചർച്ച നടന്നു. വിദ്യാർത്ഥികൾക്ക് മേലുള്ള സോഷ്യൽ മീഡിയകളുടെ സ്വാധീനം, ഏകാ​ഗ്രതക്കുറവ്, യോ​ഗ നൽകുന്ന മാനസിക, ആരോ​ഗ്യ ​ഗുണങ്ങൾ എന്നിവ പരിപാടിയിൽ ചർച്ചയായി. ഈ പരിപാടിയിലാണ് യോ​ഗ സ്കൂളുകളിലെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി സൗദി യോ​ഗ കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കിയത്.

സൗദിയിൽ യോ​ഗ പഠിപ്പിക്കൽ തുടങ്ങിയ ആ​ദ്യ വനിതയാണ് നൗഫ് അൽ മാർവയ്, സൗദിയിൽ കായിക ഇനത്തിൽ യോ​ഗയെ ഉൾപ്പെടുത്തി പരിശീലനത്തിന് സർക്കാർ അനുമതി ലഭിച്ചതിന് പിന്നിൽ ഇവരുടെ ശ്രമങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ സർക്കാർ നൗഫ് അൽ മാർവയ് യെ പദ്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്.

story highlight: yoga will soon introduced in saudi school, says saudi yoga committee

Next Story