തൊഴിലാളികള്‍ക്ക് പ്രത്യേക ക്വാറന്റീന് കേന്ദ്രം; പുതിയ നയവുമായി സൗദി മന്ത്രാലയം
കമ്പനികള്‍ക്ക് സ്വന്തമായി ക്വാറന്റീന് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ലൈസന്‍സ് കൊടുക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രാലയ വാക്താക്കള്‍ പറഞ്ഞു.
7 Nov 2021 1:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന കമ്പനി തൊഴിലാളികളെ താമസിപ്പിക്കാന്‍ പ്രത്യേക ക്വാറന്റീന് കേന്ദ്രം ആരംഭിക്കാനൊരുങ്ങി സൗദിമുന്സിപ്പല്,ഭവനമന്ത്രാലയം. കൊവിഡ് വാക്സീന് എടുക്കാത്ത തൊഴിലാളികള്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്വാറന്റീന് കേന്ദ്രം തുടങ്ങുക. ഇത്തരം കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുളള തീരുമാനം ബിസിനസ് മേഖലയില്‍ കൊവിഡിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സൗദി ചേംബര്‍ ഓഫ് കൊമേഴ്സ് കൗണ്‍സില്‍ ചെയര്മാന് അജ്ലാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അജ്ലാന് പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ചില രാജ്യങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരുന്നു. ഇവിടെ നിന്നുളള തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്ന് കമ്പനികള്‍ പരാതി നല്‍കിയിരുന്നു ഇതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. മറ്റു രാജ്യങ്ങളിലൂടെ കടന്ന് പോകാതെ തൊഴിലാളികളെ നേരിട്ട് രാജ്യത്തിലേക്ക് പ്രവേശിപ്പിക്കുന്നത് പരിഗണിക്കും. കമ്പനികള്‍ക്ക് സ്വന്തമായി ക്വാറന്റീന് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ലൈസന്‍സ് കൊടുക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രാലയ വാക്താക്കള്‍ പറഞ്ഞു.
പ്രത്യേക ക്വാറന്റീന് ആസ്ഥാനങ്ങള്‍ക്ക് ലൈസന്‍സ് നല്കുന്ന തീരുമാനം കരാര്‍ മേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനത്തെ പിന്തുണക്കുന്നതാണെന്ന് കോണ്ട്രാക്ടര്മാര്ക്കായുള്ള ദേശീയ കമ്മിറ്റി ചെയര്മാന് ഹമദ് ബിന്‍ ഹമൂദ് അല്‍ ഹമദ് പറഞ്ഞു. സര്‍ക്കാര്‍, അര്ധസര്ക്കാര്ഏജന്സികളുമായി കരാര്‍ ചെയ്തിട്ടുള്ള വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനും വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.