ഹജ്ജ്: പുണ്യസ്ഥലങ്ങളിൽ പാചക വാതകം ഉപയോഗിക്കുന്നതിന് നിരോധനം; ഉത്തരവിറക്കി സൗദി സിവിൽ ഡിഫൻസ്
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ പ്രയോഗിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
24 Jun 2022 12:13 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: ഹജ്ജിനെത്തിയ തീർഥാടകരുടെ ക്യാമ്പുകളിലും പുണ്യസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഏജൻസികളുടെ ഓഫീസുകളിലും എല്ലാ തരത്തിലുമുള്ള പാചക വാതക സിലിണ്ടറുകൾ ഉപയോഗക്കുന്നതിന് നിരോധനം. സൗദി അറേബ്യ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജ്റ മാസമായ ദുൽഹിജ്ജ ആദ്യ ദിവസം രാവിലെ മുതൽ നിരോധനം നിലവിൽ വരുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
തീർഥാടകർക്കായി ക്യാമ്പുകൾ തയ്യാറാക്കുന്ന സമയത്തും, തീർഥാടകർ അവിടെ താമസിക്കുന്ന സമയത്തും തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വിശുദ്ധ സ്ഥലങ്ങളിൽ നിന്ന് പാചക വാതകം നിരോധിക്കാനുള്ള തീരുമാനം.
തീരുമാനം സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് ആണ് നടപ്പാക്കുക. പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും ഉൾപ്പെടെയുള്ള എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടും. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ പ്രയോഗിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
തീർഥാടകരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ എൽപിജി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസിന്റെ അഗ്നി പ്രതിരോധ, സുരക്ഷാ മേൽനോട്ട ടീമുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പരിശോധന കർശനമാക്കും.
STORY HIGHLIGHTS: Saudi Civil Defense Bans Cooking Gas from Holy Sites During Hajj