Top

ഷഹബാസ് ഷെരീഫിന് അഭിനന്ദനമറിയിച്ച് സൗദി കിരീടാവകാശി

പാകിസ്താനെ എല്ലാ മേഖലയിലും സഹായിക്കാന്‍ തയ്യാറാണെന്ന് കിരീടാവകാശി പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി

16 April 2022 9:11 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഷഹബാസ് ഷെരീഫിന് അഭിനന്ദനമറിയിച്ച് സൗദി കിരീടാവകാശി
X

റിയാദ്: പുതുതായി ചുമതലയേറ്റെടുത്ത പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സംഭാഷണം നടത്തി. ടെലിഫോണ്‍ വഴിയായിരുന്നു സംഭാഷണം. ശനിയാഴ്ച നടന്ന സൗഹൃദ സംഭാഷണത്തില്‍ ഷഹബാസ് ഷെരീഫിന്റെ സ്ഥാന ലബ്ധിയില്‍ കിരീടാവകാശി അഭിനന്ദനങ്ങള്‍ അറിയിച്ചു.

സൗദി കിരീടാവകാശിയുടെ സഹോദതുല്യമായ നല്ല വാക്കുകള്‍ക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍വ്വമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ഇരുവരും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആഴത്തിലുള്ളതാണെന്നു വ്യക്തമാക്കിയ ഇരുവരും അത് മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു.

സൗദി അറേബ്യ തങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയ്ക്ക് ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു. പാകിസ്താനെ എല്ലാ മേഖലയിലും സഹായിക്കാന്‍ തയ്യാറാണെന്ന് കിരീടാവകാശി പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.

പാകിസ്താന്റെ 23ാം പ്രധാനമന്ത്രിയായി കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തത്. ഇമ്രാന്‍ ഖാനും മറ്റ് പാര്‍ട്ടി അംഗങ്ങളും ദേശീയ അസംബ്ലിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പിലൂടെയാണ് ഷഹബാസ് ഷെരിഫിനെ തെരഞ്ഞെടുത്തത്. അവിശ്വാസ വോട്ടെടുപ്പില്‍ 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് അധികാരത്തില്‍ എത്തിയത്.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഷെഹ്ബാസ് ഷെരീഫ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമാണ് പിഎംഎല്‍എന്‍ നേതാവായ ഷെഹ്ബാസ് ഷെരീഫ്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് മിയാ മുഹമ്മദ് ഷഹബാസ് ഷെരീഫ്.


STORY HIGHLIGHTS: Saudi Arabian Crown prince congratulates Pakistan PM Shehbaz on assuming office

Next Story