Top

29 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച് സൗദി

പിഐഎഫ് -ന്റെ ഉടമസ്ഥതയില്‍ റിയാദില്‍ ഒരു പുതിയ വിമാനത്താവളം സ്ഥാപിക്കും

12 May 2022 10:44 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

29 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ച് സൗദി
X

റിയാദ് : സൗദി അറേബ്യയിലെ 29 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചു. 'മതറാത്ത്' എന്ന സ്ഥാപനത്തിനാണ് വിമാനത്താവളങ്ങളുടെ ഉടമസ്ഥത കൈമാറിയിരിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ ദുവൈലെജ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂറിസം മേഖലയെ വിപുലീകരിക്കാനും പത്തു വര്‍ഷത്തിനുള്ളില്‍ 330 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യം വെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2030 ഓടെ ഓരോ വര്‍ഷവും രാജ്യത്തേക്കെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയാവുമെന്നാണ് അധികൃതരുടെ അനുമാനം. ഈ പദ്ധതിയുടെ ഭാഗമായി പിഐഎഫ് -ന്റെ ഉടമസ്ഥതയില്‍ റിയാദില്‍ ഒരു പുതിയ വിമാനത്താവളം സ്ഥാപിക്കും. രാജ്യത്ത് നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്ന വിദേശ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം നിലവിവുള്ള 100 ല്‍ നിന്ന് 250 ആയി ഉയര്‍ത്തും.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമായ സൗദിഅറേബ്യ തങ്ങളുടെ വരുമാന സ്രോതസ് ഇതര മേഖലകളില്‍ കൂടി വ്യാപിപ്പിച്ചു എണ്ണകയറ്റുമതിയെ ആശ്രയിക്കുന്നത് കുറക്കുമെന്ന് മുന്‍പ് തന്നെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. 'വിഷന്‍ 2030' ലൂടെ രാജ്യത്തിന്റെ എണ്ണയിതര സമ്പദ് വ്യവസ്ഥ ലക്ഷ്യം വെക്കുന്നതിന്റ ഭാഗമായാണ് ഈ സ്വകാര്യവത്കരണം. സൗദി അറേബ്യ മുന്‍പ് തന്നെ വിമാനത്താവളങ്ങളെ സ്വകാര്യ വത്കരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി 2017 ല്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ ഹബ്ബിന്റ ഓഹരി വില്‍ക്കാനും തീരുമാനിച്ചിരുന്നു.

Story highlights : Saudi Arabia privatizes 29 airports

Next Story