ചൈനയുമായുളള എണ്ണ വ്യാപാരം; കറൻസി മാറ്റുമെന്ന വാർത്ത നിഷേധിച്ച് സൗദി
വാർത്തക്ക് പിന്നാലെ ചൈനീസ് കറൻസിയായ യുവാനിന്റെ മൂല്യം വർധിച്ചിരുന്നു.
18 March 2022 12:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: ചൈനയുമായുളള എണ്ണ വ്യാപാരത്തെ തുടർന്ന് കറൻസി മാറുമെന്ന വാർത്ത നിഷേധിച്ച് സൗദി അറേബ്യ. യുഎസ് ഡോളറിന് പകരം ചൈനീസ് കറൻസിയായ യുവാൻ സ്വീകരിക്കുന്നതിനായി സൗദി അറേബ്യ പഠനം നടത്തുന്നു എന്നായിരുന്നു വാർത്ത. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
കറൻസി മാറ്റത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. മറ്റു രാജ്യങ്ങളുമായുളള എണ്ണ വ്യാപാരത്തിന് യുഎസ് ഡോളറാണ് സൗദി ഉപയോഗിക്കുന്നത്. ആഗോള വിപണിയിലും ഡോളറാണ് ഉപയോഗിക്കുന്നത്. ഇതിനിടെയാണ് എണ്ണ വ്യാപാരത്തിനായി യുവാൻ കറൻസി ഉപയോഗിക്കുന്നതിനെക്കുറിച്ച് സൗദിക്കും ചൈനക്കുമിടയിൽ ഉദ്യോഗസ്ഥതല ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വാർത്തക്ക് പിന്നാലെ ചൈനീസ് കറൻസിയായ യുവാനിന്റെ മൂല്യം വർധിച്ചിരുന്നു.
സൗദിയെ കൂടാതെ മറ്റു ഗൾഫ് രാജ്യങ്ങളുമായുളള എണ്ണ ഇടപാടുകളിൽ യുവാൻ കൊണ്ടുവരാൻ ചൈന ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുഎസ് ഡോളറിന് ഒരു ഭീഷണിയായി ചൈനീസ് യുവാൻ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളുമുയർന്നിരുന്നു.
STORY HIGHLIGHTS: Saudi Arabia Denies the News About Changing The Dollar in Oil Trade With China
- TAGS:
- Saudi Arabia
- Oil Trade
- China
- USA