Top

ഈന്തപ്പഴ മേളയ്ക്ക് ബുറൈദയില്‍ തുടക്കം

ബുറൈദ ഈന്തപ്പഴ നഗരിയില്‍ സംഘടിപ്പിക്കുന്ന 'ഡേറ്റ്‌സ് ഫെസ്റ്റിവല്‍ 2022'നാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ തുടക്കമായത്

2 Aug 2022 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈന്തപ്പഴ മേളയ്ക്ക് ബുറൈദയില്‍ തുടക്കം
X

ബുറൈദ: ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേള ബുറൈദയില്‍ കൊടിയേറി. ബുറൈദ ഈന്തപ്പഴ നഗരിയില്‍ സംഘടിപ്പിക്കുന്ന 'ഡേറ്റ്‌സ് ഫെസ്റ്റിവല്‍ 2022'നാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ തുടക്കമായത്. പ്രവിശ്യാ ഗവര്‍ണ്ണറേറ്റിന്റെ മേല്‍നോട്ടത്തില്‍ പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിന്റെ ഖസീം ഓഫീസ് ദേശീയ പാചകകലാ അതോറിറ്റിയുടെയും ബുറൈദ മുന്‍സിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 30 വരെ മേള നീണ്ടുനില്‍ക്കും. സ്വര്‍ണ്ണ നിറവും തേന്‍ രുചിയുമുള്ള 'സുക്കരി' ഈന്തപ്പഴമാണ് മേളയിലെ പ്രധാന താരം.

ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്, ഉത്പന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് സെമിനാറുകളും സംശയ നിവാരണ, ബോധവത്കരണ പരിപാടികളും മേളയില്‍ സംഘടിപ്പിക്കും എന്ന് പരിസ്ഥിതി ജല കൃഷി മന്ത്രാലയത്തിന്റെ ഖസീം ഓഫീസ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് അല്‍ റജീഈ പറഞ്ഞു. പ്രദേശത്ത് ഈന്തപ്പന കൃഷിയുടെ വ്യാപ്തിയും നഗരങ്ങളിലൂടെയുള്ള വിപണനകത്തിന്റെയും കയറ്റുമതിയുടെയും സാധ്യതകളും വര്‍ധിപ്പിക്കുക എന്നതും മേളയുടെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇടനിലക്കാരും കച്ചവടക്കാരും ബുറൈദയില്‍ എത്തിത്തുടങ്ങിയിരിക്കുന്നു. വരും ദിനങ്ങളില്‍ രാജ്യത്തിന്റെ പുറത്ത് നിന്നും ആളുകളെത്തും. പരമ്പരാഗത പലഹാരങ്ങളും ഈന്തപ്പഴം കൊണ്ടുള്ള വിഭവങ്ങളും മേളയിലെ സ്റ്റാളുകളില്‍ നിരന്നു തുടങ്ങി. കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും മറ്റ് വിനോദ പരിപാടികളും മേളയ്ക്ക് പകിട്ടേകും.

ബുറൈദ, ഷമ്മാസിയ, അയ്‌നുല്‍ ജുവ, ബുഖേരിയ, ഖബ്‌റ, ബദായ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് തോട്ടങ്ങളില്‍ നിന്നായി 45ഓളം ഈന്തപ്പഴ ഇനങ്ങള്‍ ഈ ഉത്സവ കാലത്ത് ബുറൈദ നഗരിയിലെത്തും. കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈന്തപ്പഴ ഉത്പാദനത്തിന്റെ 30 ശതമാനവും ഖിസീമില്‍ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.

Story Highlights: Saudi Arabia Dates Festival 2022 Begins

Next Story