Top

ഭിക്ഷാടകർക്കെതിരെ നടപടി കടുപ്പിച്ച് സൗദി; പത്തു ദിവസത്തിനിടെ 3,719 പേരെ അറസ്റ്റ് ചെയ്തു

ഭിക്ഷാടനം കര്‍ശനമായി നിരോധിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു.

5 April 2022 6:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിക്ഷാടകർക്കെതിരെ നടപടി കടുപ്പിച്ച് സൗദി; പത്തു ദിവസത്തിനിടെ 3,719 പേരെ അറസ്റ്റ് ചെയ്തു
X

റിയാദ്: ഭിക്ഷാടകർക്കെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ. കഴിഞ്ഞ പത്തു ദിവസത്തിനിടെ 3,719 ഭിക്ഷാടകരെയാണ് വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. റമദാനിൽ സംഘങ്ങളായി തിരിഞ്ഞാണ് ഭിക്ഷാടകർ ഭിക്ഷ നടത്തുന്നത്. ഇത്തരക്കാർക്ക് സംഭാവന നൽകുന്നവർക്കെതിരെ സൗദി പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭിക്ഷാടനം കര്‍ശനമായി നിരോധിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി യാചന നടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇതും നിരോധിച്ചതായി അധികൃതർ വ്യക്തമാക്കി. ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കി. സൗദിയിൽ സാമ്പത്തിക തട്ടിപ്പിന്‍റേയും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്‍റേയും ഗണത്തിലാണ് ഭിക്ഷാടനം ഉൾപ്പെടുത്തിയിട്ടുളളത്.

ഭിക്ഷ നടത്തുന്നവരെക്കുറിച്ച് വിവരങ്ങൾ കൈമാറണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സഹായം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി. പണം സ്വീകരിക്കുന്നവർ അത് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിച്ചാൽ പണം നൽകിയ വ്യക്തിക്കെതിരേയും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. ഭിക്ഷാടകരെക്കുറിച്ച് മക്ക, മദീന മേഖലകളിലുളളവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുളളവർ 999 എന്ന നമ്പറിലും അറിയിക്കണമെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.

STORY HIGHLIGHTS: Saudi police arrested beggars


Next Story