Top

ശക്തമായ കാറ്റില്‍ സഹൂദ് കൊട്ടാരം ഭാഗികമായി തകര്‍ന്നു; ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷൻ

ഞായറാഴ്ച്ച അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലാണ് കൊട്ടാരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്.

18 May 2022 8:19 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ശക്തമായ കാറ്റില്‍ സഹൂദ് കൊട്ടാരം ഭാഗികമായി തകര്‍ന്നു; ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷൻ
X

റിയാദ്: സൗദി അല്‍-അഹ്സയിലെ മുബാറസ് പട്ടണത്തിലുള്ള ചരിത്ര പ്രസിദ്ധമായ സഹൂദ് കൊട്ടാരം ഭാഗികമായി തകര്‍ന്നു. ഞായറാഴ്ച്ച അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലാണ് കൊട്ടാരത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. കോട്ടയുടെ പടിഞ്ഞാറന്‍ ഗോപുരത്തിന്റെ ഒരു വശമാണ് തകര്‍ന്നത്.

വലിയ നാശനഷ്ടങ്ങളോ ആളപായമോയില്ല. തകര്‍ന്ന ഭാഗമുള്‍പ്പടെ കൊട്ടാരം ഉടന്‍ നവീകരിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷന്‍ അറിയിച്ചു. ഗവണറേറ്റിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും നവീകരണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും നിലവിലുള്ള പ്രോജക്ടിന്റെ ഭാഗമായി അതിനെ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കമ്മീഷന്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും സാസ്‌കാരിക പൈതൃക സ്ഥലങ്ങളും അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലതാമസം കൂടാതെ കൊട്ടാരം നിര്‍മ്മിക്കാനാകും.

അല്‍-അഹ്‌സയുടെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സ്മാരകങ്ങളിലൊന്നാണ് സഹൂദ് കൊട്ടാരം. ഏഴാം നൂറ്റാണ്ടില്‍ ബനീ ഖാലിദ് ഗോത്രത്തിലെ രാജകുമാരന്മാര്‍ മുബാറസിന്റ വടക്ക് ദേശത്തെ സംരക്ഷിക്കുന്നതിനായി നിര്‍മ്മിച്ചതാണിത്.

17,050 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഈ കൊട്ടാരത്തിന് അവിടെയുള്ള ഏറ്റവും വലിയ പീരങ്കിയുടെ അടിസ്ഥാനത്തിലാണ് ഈ പേര് ലഭിച്ചത്. 60 മീറ്റര്‍ നീളവും 90 മീറ്റര്‍ വീതിയുമുള്ള ഉയര്‍ന്ന ചതുരാകൃതിയിലുള്ള കുന്നിന്‍ മുകളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സഹൂദ് കൊട്ടാരം മണ്ണ് ഇഷ്ടിക,വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. മനോഹരമായി രൂപകല്പന ചെയ്ത ഏഴ് വൃത്താകൃതിയിലുള്ള ഗോപുരങ്ങള്‍, വളഞ്ഞുപുളഞ്ഞ ഗോവണിപ്പടികള്‍, എന്നിവയാണ് ഈ ശക്തമായ കോട്ടയുടെ സവിശേഷത. കൂടാതെ, ഇതിന്റെ പ്രധാന കവാടം കാവല്‍ക്കാര്‍ക്ക് ശത്രുക്കള്‍ക്ക് നേരെ അനായാസം വെടിയുതിര്‍ക്കാന്‍ സൗകര്യത്തില്‍ രൂപകല്പന ചെയ്തതാണ്.

Story highlights: Sahud Palace was partially destroyed by strong winds; Saudi Heritage Commission says it will be rebuilt soon

Next Story