Top

ഒമിക്രോണ്‍, നിയന്ത്രണം കടുപ്പിച്ച് സൗദി; ഏഴ് രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി

യുഎഇ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

28 Nov 2021 10:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍, നിയന്ത്രണം കടുപ്പിച്ച് സൗദി; ഏഴ് രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി
X

റിയാദ്: പുതിയ കൊവിഡ് വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി സൗദി അറേബ്യ. ഒമിക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന ഏഴ് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്തി. ആഫ്രിക്കൻ രാജ്യങ്ങളായ മലാവി( Malawi), സാംബിയ(Zambia), മഡഗാസ്‌കർ(Madagascar), അംഗോള(Angola), സീഷെൽസ്(Seychelles), മൗറീഷ്യസ്(Mauritius ), കൊമൗറോസ്(Comoros) എന്നിവയാണ് യാത്ര വിലക്കേർപ്പെടുത്തിയ പുതിയ രാജ്യങ്ങൾ.

നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ തുടങ്ങി 7 രാജ്യങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തിയിരുന്നു. യുഎഇ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


ഇതൊരു വക തിരിവില്ലാത്ത വൈറസാണ്, വകഭേദങ്ങൾ വന്നുകൊണ്ടിരിക്കും; വഴികളാലോചിച്ച് ശാസ്ത്ര ലോകം

കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തതോടെ ലോകത്താകെ പഴയ കൊവിഡ് ഭീതി വീണ്ടും ഉയർന്നു വരികയാണ്. പ്രതിരോധ വാക്സിനുകൾ, ശാസ്ത്ര ലോകത്തെ നിരന്തര പഠനങ്ങൾ എന്നിവയുടെ ബലത്തിൽ പതിയെ കാലത്തേക്ക് മാറാനൊരുങ്ങവെയാണ് ഒമിക്രോണിന്റെ വരവ്. വകഭേദങ്ങൾ തുടരെ റിപ്പോർട്ട് ചെയ്യുന്നതിനാൽ കൊവിഡിനെ ഇനിയുമിങ്ങനെ പേടിച്ചിരിക്കേണ്ട, വൈറസിനൊപ്പമങ്ങ് കഴിഞ്ഞേക്കാം എന്ന ചിന്തയിലായിരുന്നു ലോകം. പക്ഷെ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ഒമിക്രോണിന്റെ വരവ്.

ഇതുവരെയുള്ള കൊറോണ വൈറസിന്റെ ഘ‌ടനയിൽ നിന്നും പ്രകടമായ മാറ്റം, നിലവിലെ വാക്സിനുകളെ തോൽപ്പിക്കാനുള്ള ശേഷി, കൂടുതൽ വ്യാപനശേഷി തുടങ്ങി ഒരു പി‌ടി വെല്ലുവിളികളുമായാണ് ഒമിക്രോണിന്റെ വരവ്. വൈറസിനൊപ്പം ജീവിക്കുക എന്ന് നയം ലോകം സ്വീകരിക്കുമ്പോൾ എന്റെ കൂടെ ജീവിക്കണമെങ്കിൽ കുറച്ച് പാട് പെ‌ടും എന്നാണ് കൊറോണ വൈറസിന്റെ മട്ട്. ഒമിക്രോണിനെ പോലെയുള്ള തീവ്ര വകഭേദങ്ങൾ ഇനിയും വരികയാണെങ്കിൽ അത് വലിയ വെല്ലുവിളിയാണ് ശാസ്ത്ര ലോകത്തിന് നൽകുന്നത്.

ശാസ്ത്രലോകത്തെ വിദ​ഗ്ധർ പറയുന്നത് പ്രകാരം കൊവിഡ് പാൻഡെമിക് എന്ന പ്രതിസന്ധി ഒരുപക്ഷെ അവസാനിച്ചേക്കും. പക്ഷെ കൊറോണ വൈറസ് വ്യാപനത്തിന് അവസാനമുണ്ടാവാനി‌ടയില്ല. അതൊരു എൻഡെമിക് ആയിരിക്കുമെന്നാണ് ഇവർ പറയുന്നത്. അതായത് തീവ്രത കൂ‌‌ടിയതും കുറഞ്ഞതുമായ വകഭേദങ്ങൾ ഈ വൈറസിന് വന്ന് കൊണ്ടിരിക്കും."പുതിയ വകഭേദങ്ങൾ തു‌ടർച്ചയായി ഈ വൈറസ് സ‍ൃഷ്‌ടിക്കാൻ പോവുന്നു. അവയിൽ മിക്കതും അപ്രധാനമായിരിക്കും. എന്നിരുന്നാലും അവയുടെ പ്രാധാന്യം നിർണയിക്കാൻ ഇവയെ ട്രാക്ക് ചെയ്യുകയും അവയുടെ സ്വഭാവം കണ്ടെത്തുകയും ചെയ്യുന്നത് പ്രധാന ചുമതലയായി തു‌ടരും," ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ അമേഷ് അഡൽജ പറഞ്ഞു.

സീറോ കൊവിഡ് ഭീഷണി എന്നൊരവസ്ഥ ഇനിയുണ്ടാവാനേ പോവുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ഉയർന്ന തോതിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ വൈറസ് വ്യാപനത്തെ വരുതിയിലാക്കുകയും ജനജീവിതത്തെയും ആരോ​ഗ്യമേഖലയെയും സ്തംഭിപ്പിക്കാത്ത തരത്തിൽ കൊവിഡ് വ്യാപനത്തെ മെരുക്കിയെടുക്കുകയുമാണ് മുന്നിലുള്ള വഴി. ഒമിക്രോൺ ഉയർത്തിയ പ്രധാന വെല്ലുവിളി നിലവിലെ കൊവിഡ് വാക്സിനുകൾക്കെതിരെയാണ്. ഒമിക്രോണിന്റെ ജനിത ഘടന നിലവിൽ ലോകത്താകമാനം വ്യാപിച്ച കൊറോണ വൈറസിൽ നിന്നും വ്യത്യസ്തമാണ്. നിലവിൽ മോഡേണ, ഫൈസർ, കൊവാക്സിൻ, കൊവിഷീൽഡ് തുടങ്ങിയ വാക്സിനുകളെല്ലാം നിർമ്മിച്ചിരിക്കുന്നത് ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാനാണ്. ഇവയ്ക്ക് ഒമിക്രോണിനെ തടയാൻ കഴിഞ്ഞേക്കില്ല.

എന്തായാലും ഒമിക്രോണിനെ പറ്റി കൂടുതൽ പഠനം നടത്തുകയാണ് വാക്സിൻ നിർമാതാക്കൾ. ഒമിക്രോണിനെ എത്രമാത്രം തങ്ങളുടെ നിലവിലെ ഡോസുകൾക്ക് പ്രതിരോധിക്കാനാവുമെന്നതിൽ പഠനം ന‌ടത്തുന്നുണ്ടെന്ന് മോഡേണ പ്രസ്താവനയിറക്കിയിട്ടുണ്ട്. അടുത്തയാഴ്ചകൾക്കുള്ളിൽ ഒമിക്രോൺ ഫൈസർ-ബയോടെക് വാക്സിൻ പ്രതിരോധത്തെ എത്രമാത്രം ബാധിക്കുമെന്നതിൽ റിപ്പോർട്ട് ലഭിക്കുമെന്നാണ് ബയോടെകും അറിയിച്ചിരിക്കുന്നത്. ജോൺസൺ ആന്റ് ജോൺസൺ, ആസ്ട്രസെനക തു‌ങ്ങിയ വാക്സിൻ നിർമാതാക്കളും പഠനത്തിലാണ്. വാക്സിൻ നേരത്തെ നൽകിയവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകി കൊവിഡ് പ്രതിരോധ ശേഷി ഉറപ്പിക്കാനിരിക്കെയാണ് വാക്സിൻ കമ്പനികൾക്ക് പുതിയ വെല്ലുവിളിയായി ഒമിക്രോൺ വന്നത്.

Next Story