Top

ഇസ്ലാമോഫോബിയക്കെതിരെ പോരാടാന്‍ അന്താരാഷ്ട്ര ദിനം; മതവിദ്വേഷം എതിര്‍ക്കാന്‍ യുഎന്‍ നടപടി സഹായിക്കുമെന്ന് ഒഐസി

യുഎന്‍ അന്താരാഷ്ട്ര ദിനം പ്രഖ്യാപിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച് നടത്തിയ യോഗത്തിലാണ് ഒഐസി യുഎന്‍ നടപടിയെ പ്രകീര്‍ത്തിച്ചത്.

18 March 2023 7:38 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇസ്ലാമോഫോബിയക്കെതിരെ പോരാടാന്‍ അന്താരാഷ്ട്ര ദിനം; മതവിദ്വേഷം എതിര്‍ക്കാന്‍ യുഎന്‍ നടപടി സഹായിക്കുമെന്ന് ഒഐസി
X

റിയാദ്: ഇസ്ലാമാഫോബിയക്കെതിരെ പോരാടാനും അന്താരാഷ്ട്ര ദിനം സഹായിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍. മതവിദ്വേഷവും അസഹിഷ്ണുതയും എതിര്‍ക്കാന്‍ യുഎന്‍ പ്രഖ്യാപിച്ച നടപടിയിലൂടെ കഴിയുമെന്നും ഒഐസി വ്യക്തമാക്കി. യുഎന്‍ അന്താരാഷ്ട്ര ദിനം പ്രഖ്യാപിച്ചതിന്റെ വാര്‍ഷികം അനുസ്മരിച്ച് നടത്തിയ യോഗത്തിലാണ് ഒഐസി യുഎന്‍ നടപടിയെ പ്രകീര്‍ത്തിച്ചത്.

2022 മാര്‍ച്ച് 15നാണ് ഇസ്ലാമോഫോബിയക്കെതിരെ പോരാടാനുള്ള അന്താരാഷ്ട്ര ദിനമായി യുഎന്‍ ജനറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നത്. പ്രത്യേക സെഷന്‍ സംഘടിപ്പിച്ചാണ് ഒഐസി ഇസ്ലാമോഫോബിയക്കെതിരെ പോരാടാനുള്ള അന്താരാഷ്ട്ര ദിനം അനുസ്മരിച്ചത്. ഒഐസിയുടെ നാല്‍പ്പത്തിയൊന്‍പതാമത് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക സെഷന്‍ സംഘടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഒഐസി ഇതു സംബന്ധിച്ച് അറിയിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാമോഫോബിയക്കെതിരെ പോരാടാനുള്ള ദിനം യുഎന്‍ പ്രഖ്യാപിച്ചത് മതവിദ്വേഷവും അസഹിഷ്ണുതയും എതിരിടുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ഒഐസി സെക്രട്ടറി ജനറല്‍ ഹിസ്സിന്‍ ബ്രാഹിം താഹ ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയക്കെതിരെ ആഗോളതലത്തില്‍ ബോധവല്‍ക്കരണം നടത്തുകയാണ് യുഎന്‍ ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇസ്ലാമോഫോബിയക്കെതിരെ മാത്രമല്ല എല്ലാവിധ വിദ്വേഷത്തിനും അക്രമോത്സുകതകള്‍ക്കും എതിരെ ആഗോളതലത്തില്‍ പ്രായോഗികമായ നടപടി സ്വീകരിക്കാനുള്ള ആഹ്വാനം കൂടിയാണിതെന്ന് ഹിസ്സിന്‍ ബ്രാഹിം താഹ വിശദമാക്കി.

ഇസ്ലാമോഫോബിയക്കെതിരെയും വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെയും പല സര്‍ക്കാരുകളും നടപടികളെടുത്തിട്ടുണ്ടെന്നും ഒഐസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ വിഷയങ്ങളില്‍ പരസ്പര സംഭാഷണവും സഹിഷ്ണുതയും കൊണ്ട് സമാധാനം സ്ഥാപിക്കാന്‍ ആഗോളതലത്തില്‍ തന്നെ നീക്കം നടത്തുകയാണ് വേണ്ടതെന്നും ഒഐസി ഓര്‍മ്മപ്പെടുത്തി.

STORY HIGHLIGHTS: OIC hosted a session to mark the first anniversary of the International Day

Next Story