Top

അപകീർത്തിപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണം; സൗദിയിൽ ഒന്നര വർഷത്തിലേറെയായി പ്രവാസി തടവിൽ

19 Nov 2021 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപകീർത്തിപരമായ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന ആരോപണം; സൗദിയിൽ ഒന്നര വർഷത്തിലേറെയായി  പ്രവാസി തടവിൽ
X

സൗദി അറേബ്യയിൽ 20 മാസമായി ജയിലില‌‌‌ടക്കപ്പെ‌‌ട്ട് മം​ഗളൂരുവിലിൽ നിന്നുള്ള പ്രവാസി ഷൈലേഷ് കുമാർ. ഇസ്ലാം മതത്തെയും സൗദി രാജാവിനെയും സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപെടുത്തി പോസ്റ്റിട്ടെന്നാരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ താനല്ല ഇത്തരമൊരു പോസ്റ്റിട്ടതെന്ന് ഷൈലേഷ് കുമാർ പറയുന്നു. 2020 ഫെബ്രുവരിയിലാണ് ഷൈലേഷിന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവമുണ്ടായത്. രാജ്യ സ്നേഹം സംബന്ധിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇദ്ദേഹം ഇട്ടിരുന്നു. ഇതിനു പിന്നാലെ ഷൈലേഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ലെങ്കിൽ ​ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് പറഞ്ഞ് കൊണ്ട് ഒരു ഫോൺ കോൾ വന്നു. ഭയപ്പെട്ട ഷൈലേഷ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

എന്നാൽ ഫെബ്രുവരി 12, 13 തിയ്യതികളിലായി ഇദ്ദേഹത്തിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെടുകയും ഇസ്ലാം മതത്തെയും സൗദി രാജാവിനെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ വരികയും ചെയ്തു. താൻ 20 വർഷമായി ജോലി ചെയ്യുന്ന കമ്പനിയിലെ അധികൃതരെ ഷൈലേഷ് ഇക്കാര്യം അറിയിച്ചു. കമ്പനിയുടെ നിർദ്ദേശ പ്രകാരം സൗദി പൊലീസിന് പരാതി നൽകാൻ ഷൈലേഷ് തീരുമാനിച്ചു. എന്നാൽ സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ഷൈലേഷ് കുമാറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ക്യാമ്പയിൻ തുടങ്ങിയിരിക്കുകയാണ് ഇവർ.

വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുടെയും ശ്രദ്ധയിൽപ്പെ‌ടുത്തുമെന്ന് ബിജെപി പ്രതിനിധി ജിതേന്ദ്ര കോട്ടാരി പറഞ്ഞു. സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇത് സംബന്ധിച്ച് പരാതി നൽകിയി‌ട്ടും ന‌ടപടി ഉണ്ടായി‌ട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. മം​ഗളൂരുവിനടുത്തുള്ള ബികർനകട്ടെ ആണ് 52 കാരനായ ശൈലേഷ് കുമാറിന്റെ സ്വദേശം. നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Next Story