ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം; പുതിയ ഇറക്കുമതി നിയമമിറക്കി സൗദി
പുതിയ ഇറക്കുമതി നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അതോറിറ്റി വ്യക്തമാക്കി.
30 Jan 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ. ഇനിമുതൽ അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുളള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുകയെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. പുതിയ ഇറക്കുമതി നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അതോറിറ്റി വ്യക്തമാക്കി.
സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളുടേയും പട്ടിക അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഹലാൽ വ്യക്തമാക്കുന്ന ലോഗോയൊ മറ്റ് അടയാളങ്ങളോ പരിഗണിക്കില്ല. മാംസ വിഭവങ്ങൾ അവയുടെ മറ്റ് ഉത്പന്നങ്ങൾ എന്നിവയ്ക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും അതോറിറ്റി പറഞ്ഞു.
നിബന്ധന പ്രാദേശികമായി ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ബാധകമായിരിക്കും. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ് എന്നീ ഭക്ഷ്യ ഉത്പന്നങ്ങൾക്കും സർട്ടിഫിക്കറ്റ് നിർബന്ധമാണ്.