Top

പെട്രോൾ പമ്പിലെ മീറ്ററിൽ കൃത്രിമം കാണിച്ചതിന് പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ

ഇവർക്ക് ഇനിയൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അനുമതിയുണ്ടാവില്ല

6 May 2022 12:37 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പെട്രോൾ പമ്പിലെ മീറ്ററിൽ കൃത്രിമം കാണിച്ചതിന് പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ
X

ജിദ്ദ: പെട്രോൾ പമ്പിലെ മീറ്റർ ​റീഡിം​ഗിൽ കൃത്രിമം കാണിച്ചതിന് പ്രവാസി തൊഴിലാളികളെ കയ്യോടെ പിടിച്ച് അധികൃതർ. സൗദി വാണിജ്യ മന്ത്രാലയവും, ഊർജ മന്ത്രാലയവും, തൂക്കവും ​ഗുണനിലവാരവും ഉറപ്പു വരുത്തുന്ന സംഘടനയായ എസ്.എ.എസ്.ഒയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മീറ്റർ റീഡിം​ഗിലെ കൃത്രിമം കണ്ടെത്തിയത്. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം കള്ളത്തരങ്ങൾ നടക്കുന്നതായി ഉപഭോക്താക്കളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്.

പിടിയിലായ കുറ്റക്കാരെ നാടുകടത്തുന്നതിനായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കെെമാറി. ഇവർക്ക് ഇനിയൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അനുമതിയുണ്ടാവില്ലെന്ന് സർക്കാരിന്റെ ഭാ​ഗമായ മൂന്ന് ഏജൻസികളും അറിയിച്ചു. പരാതികൾ ഉയർന്നാലോ, അക്കൗണ്ട്സിന്റെ ഭാ​ഗമായോ പെട്രോൾ പമ്പിലെ മീറ്ററുകളിലെ അവസാന പത്ത് ഇടപാടുകൾ കണ്ടെത്താനാവും.

പെട്രോൾ പമ്പിലെ മീറ്ററുകളുടെ കൃത്യതാ പരിശോധന മുമ്പ് കഴി‍ഞ്ഞതിനു ശേഷവും ചില തൊഴിലാളികൾ പഴയ മീറ്ററുകൾ സ്ഥാപിച്ച് ഉയർന്ന വിലയിൽ വിൽപന നടത്തിയിരുന്നതായി പരിശോധന നടത്തിയ ഏജൻസികൾ അറിയിച്ചു. മീറ്റർ റീഡിം​ഗിന്റെ മറവിൽ ചിലർ ടിങ്കറിം​ഗ് നടത്തുന്നതായി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളും പരാതികളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് മിന്നൽ പരിശോധനകൾ സംഘടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരാതികൾ കേൾക്കുന്നതിനും വാണിജ്യ ലംഘന ആപ്പ് വഴിയോ,1900 എന്ന നമ്പർ വഴിയോ, മന്ത്രാലയത്തിന്റെ വെബ്സെെറ്റ് വഴിയോ പ്രതികരിക്കാനുള്ള പ്രതിബദ്ധതയും മൂന്ന് ഏജൻസികളും ആവശ്യപ്പെട്ടു.

Story Highlights: Tampering in Gas pump meter reading; three expatriates arrested

Next Story