Top

പാറപ്പിളര്‍പ്പില്‍ കുടുങ്ങിക്കിടന്ന് 20 മണിക്കൂര്‍; സൗദിയില്‍ യുവാവിനെ രക്ഷപ്പെടുത്തി

കാണാതായ ഒട്ടകത്തെ തേടിയാണ് അല്‍ ബലാവി പ്രദേശത്ത് എത്തിയത്

22 April 2022 8:50 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പാറപ്പിളര്‍പ്പില്‍ കുടുങ്ങിക്കിടന്ന് 20 മണിക്കൂര്‍; സൗദിയില്‍ യുവാവിനെ രക്ഷപ്പെടുത്തി
X

റിയാദ്: ഇരുപത് മണിക്കൂര്‍ മലയിടുക്കില്‍ കുടുങ്ങിയ ആളെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. സൗദി അറേബ്യയിലെ തബുക്കില്‍ നിന്നും 200 കിലോമീറ്റര്‍ മാറി അബു റക്കാഹ് ഗ്രാമത്തിനടുത്താണ് സംഭവം. 31 വയസ്സുകാരനായ സ്വദേശി ബദര്‍ അല്‍ ബലാവിയാണ് മലയിടുക്കില്‍ കുടുങ്ങിയത്. പാറകള്‍ കൂടിക്കിടക്കുന്ന സ്ഥലമായതിനാല്‍ അവിടേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നും അതിനാലാണ് രക്ഷാപ്രവര്‍ത്തനം വൈകിയതെന്നും അധികൃതര്‍ അറിയിച്ചു.

സംഭവം അറിഞ്ഞപ്പോള്‍ തന്നെ കുടുങ്ങിക്കിടന്ന ആള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഓക്‌സിജനും എത്തിച്ചുവെന്നും കൂടിക്കിടന്ന പാറക്കെട്ടുകള്‍ മാറ്റിയ ശേഷമാണ് ഇയാളിലേക്ക് എത്താന്‍ സാധിച്ചതെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം സംഭവ സ്ഥലത്ത് തന്നെ റെഡ് ക്രസന്റ് അതോറിറ്റിയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി.

പിതാവ് വളര്‍ത്തുന്ന കാണാതായ ഒട്ടകത്തെ തേടിയാണ് അല്‍ ബലാവി പ്രദേശത്ത് എത്തിയത്. തിരച്ചിലിന് സഹായകമാകാന്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഒമ്പത് മീറ്ററുള്ള പിളര്‍പ്പിലേക്കാണ് ഇയാള്‍ വീണത്. സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബലാവിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവാണ് സിവില്‍ ഡിഫന്‍സ് ടീമിനേയും റെഡ് ക്രസന്റ് അതോറിറ്റിയേയും അറിയിച്ചത്.

STORY HIGHLIGHTS: Citizen rescued after mountain fall in Saudi Arabia

Next Story